പൊന്നാനി: എസ്.ഡി.പി.ഐ മുസ്ലിം ലീഗിന്റെ തിരഞ്ഞെടുപ്പ് പങ്കാളിയാണെന്ന് സി.പി.എം മുൻ കേന്ദ്ര കമ്മിറ്റി അംഗം പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. എൽ.ഡി.എഫ് പൊന്നാനി നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പു കാലത്തെ മുസ്ലിം ലീഗിന്റെ പങ്കാളിത്ത കച്ചവടം കാലങ്ങളായി തുടരുന്നുണ്ട്. കൊണ്ടോട്ടിയിൽ കൈയോടെ പിടിക്കപ്പെട്ടു വെന്നേയുള്ളൂ. മുസ്ലിം ലീഗിന്റെ കപട മതേതരത്വം പുറത്തായിരിക്കുകയാണ്. യാതൊരു ഉളുപ്പുമില്ലാതെയാണ് കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്ക് പോകുന്നത്. പ്രതിപക്ഷ മഹാസഖ്യത്തിൽ കോൺഗ്രസുമായി ഇടതുപക്ഷം എന്തുകൊണ്ട് കൈകോർക്കുന്നില്ല എന്നതിന്റെ ഉത്തരം ബി.ജെ.പിയിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെ ഒഴുക്ക് പറഞ്ഞു തരും. ബി.ജെ.പിയെ താഴെയിറക്കി അധികാരത്തിൽ വരുന്ന സർക്കാരിന് കരുത്തായി ഇടതുപക്ഷത്തിന്റെ സാന്നിദ്ധ്യം രാജ്യം ആവശ്യപ്പെടുന്നതാണ്. ഈ തിരഞ്ഞെടുപ്പിലേത് ഏറ്റവും വില പിടിപ്പുള്ള വോട്ടാണ്. രാജ്യത്തിന്റെ കരുത്തുറ്റ പൈതൃകത്തെ നിലനിറുത്താൻ മതേതര ചേരിയുടെ വിജയം നിർണ്ണായകമാണെന്ന് പാലോളി പറഞ്ഞു.