താനൂർ: അഞ്ചുടിയിൽ സി.പി.എം പ്രവർത്തകരായ കെ.പി.ഷംസു, മുസ്തഫ,ഷഹദാദ് എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. യൂത്ത് ലീഗ് പ്രവർത്തകനായ അഞ്ചുടി സ്വദേശി പൗറകത്ത് അബ്ദുറസാഖിനെയാണ് (22) താനൂർ പൊലീസ് അറസ്റ്റു ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് പറവണ്ണയിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. ഷംസു കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇപ്പോഴും ചികിത്സയിലാണ്. എട്ടു പേരടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. മൊബൈൽ ഫോൺ ഉപയോഗിക്കാതെ തീപ്പെട്ടിക്കൊള്ളി കത്തിച്ചും സിഗരറ്റ് കത്തിച്ചും കൂടെയുള്ളവർക്ക് സിഗ്‌നൽ നൽകിയായിരുന്നു ആക്രമണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സമാധാനാന്തരീക്ഷത്തിലേക്ക് വരികയായിരുന്നു തീരദേശം. ഇതിനിടയിലാണ് മൂന്നാഴ്ച്ച മുമ്പ് അക്രമമുണ്ടായത്. രാഷ്ട്രീയ പാർട്ടികളും പൊലീസും ഉണർന്ന് പ്രവർത്തിച്ചതിനാൽ പറയത്തക്ക പ്രശ്‌നങ്ങൾ ഉണ്ടായില്ല. രാഷ്ട്രീയ പാർട്ടികൾ ഇവരെ കൈയൊഴിഞ്ഞതോടെ ഒളിവിൽ കഴിയാൻ പ്രയാസമായി. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.മറ്റുള്ള പ്രതികളെയും ഉടൻപിടികൂടുമെന്ന് എസ്.ഐ.സുമേഷ് സുധാകർ പറഞ്ഞു.