hh
.

മഞ്ചേരി: പയ്യനാട് ചോലയ്ക്കലിൽ ആർ.എസ്.എസ് പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. എസ്.ഡി.പി.ഐ പ്രവർത്തകനായ കാരക്കുന്ന് സ്വദേശി പഴയിടം ഇല്ലിക്കൽ ഷംനാദ് (28) ആണ് പിടിയിലായത്. തമിഴ്‌നാട്ടിലെ മസിനഗുഡിയിൽ സ്വകാര്യ റിസോർട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഷംനാദിനെ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് മലപ്പുറം ഡിവൈ.എസ്.പി. ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടുകയായിരുന്നു. അഭിഭാഷകനെ കാണാൻ പ്രതിയെത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിനൊടുവിലായിരുന്നു അറസ്റ്റ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് ഷംനാദെന്നും പൊലീസ് പറഞ്ഞു.ജനുവരി എട്ടിനാണ് പയ്യനാട് ചോലയ്ക്കൽ സ്വദേശിയും ആർ.എസ്.എസ്. സജീവ പ്രവർത്തകനുമായ കറുത്തേടത്ത് അർജ്ജുന് നേരെ വധശ്രമമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അർജുൻ ചികിത്സയിലാണ്. ജനുവരി അഞ്ചിന് എസ്.ഡി.പി.ഐ. പ്രവർത്തകനെ മഞ്ചേരി ചെങ്ങണയിൽ വച്ച് ഒരു സംഘം വെട്ടിക്കൊല്ലാൻ ശ്രമിച്ചിരുന്നു. ഈ സംഘത്തിൽ അർജ്ജുൻ ഉണ്ടായിരുന്നെന്നും ഇതിലുള്ള പ്രതികാരമാണ് അക്രമത്തിന് കാരണമെന്നുമാണ് ആരോപണം. ഇപ്പോൾ അറസ്റ്റിലായ ഷംനാദിനെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
സംഭവത്തിൽ നേരിട്ടു പങ്കെടുത്ത നാലു പ്രതികളെയും ഇതോടെ പൊലീസിനു പിടികൂടാനായി. ആക്രമണത്തിനു സഹായം ചെയ്ത ആറു പേരിൽ രണ്ട് പേരും റിമാൻഡിലാണ്. മഞ്ചേരി സി.ഐ. എൻ.ബി. ഷൈജു, എസ്‌ഐ ഇ.ആർ ബൈജു, എ.എസ്.ഐമാരായ ശ്രീരാമൻ, സുരേഷ്‌കുമാർ, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഉണ്ണികൃഷ്ണൻ മാരാത്ത്, രാജേഷ്, പി. സഞ്ജീവ്, ദിനേഷ് ഇരുപ്പകണ്ടൻ, മുഹമ്മദ് സലീം പൂവ്വത്തി എന്നിവരാണ് കേസിൽ തുടരന്വേഷണം നടത്തുന്നത്.