dd
കാട്ടാന നശിപ്പിച്ച കൃഷി

നിലമ്പൂർ: ചാലിയാർപ്പുഴ നീന്തിയെത്തിയ കാട്ടാന ജനവാസ മേഖലയായ താളിപ്പൊയിലിൽ കൃഷി നശിപ്പിച്ചു. എ.കെ.സിദ്ദിഖിന്റ പറമ്പിലെ കുലച്ച 100 വാഴകളാണ് നശിച്ചത്. ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിന് ഷട്ടറിട്ടതിനാൽ പ്രദേശത്ത് മൂന്നാൾ പൊക്കത്തിൽ വെള്ളമുണ്ട്. താളിപ്പൊയിലിന് അക്കരെ എടക്കോട് വനത്തിൽ നിന്ന് രാത്രി 8.30ഓടെ കൊമ്പൻ പുഴ മുറിച്ച് നീന്തിവരുന്നത് നാട്ടുകാർ കണ്ടു. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 11.30ഓടെയാണ് സിദ്ധിഖിന്റെ കൃഷിയിടത്തിൽ ആനയെത്തിയ വിവരമറിഞ്ഞത്. അടുത്തുള്ള തോട്ടത്തിലെ കാവൽക്കാരനാണ് ആനയെ കണ്ടത്. വിവരമറിഞ്ഞ് സിദ്ദിഖും സുഹൃത്ത് വാളപ്ര റിയാസും എത്തി ഗുണ്ട് പൊട്ടിച്ച് ഭയപ്പെടുത്തി ആനയെ പുഴയിൽ ചാടിച്ച് വനത്തിലേക്ക് തുരത്തി. . കൃഷിയിടത്തിൽ നിന്ന് ചക്കയും പറിച്ച് തിന്നിട്ടുണ്ട്. വനംവകുപ്പ് പുഴയോരത്ത് സ്ഥാപിച്ച സൗരോർജ്ജ വൈദ്യുതി വേലി തകർത്താണ് കൃഷിയിടത്തിൽ ആനയെത്തിയത്. സിദ്ദിഖിന് 60,000 രൂപയുടെ നഷ്ടമുണ്ട്‌