പൊന്നാനി: സാധാരണക്കാർക്ക് ആശ്രയവും പ്രതീക്ഷയുമായി തുടങ്ങിയ പൊന്നാനി മാതൃ ശിശു ആശുപത്രിയുടെ പ്രവർത്തനത്തിൽ പൊതുവേ അതൃപ്തി. വലിയ തോതിൽ സൗകര്യങ്ങൾ ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ടെങ്കിലും ആവശ്യാനുസരണം ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നു. ഓപ്പറേഷൻ തിയേറ്റർ പൂട്ടിയിട്ടതിനെ തുടർന്ന് കൃത്യസമയത്ത് ശസ്ത്രക്രിയ നടത്താനാകാത്തതിനാൽ നവജാത ശിശു മരിക്കാനിടയായ സംഭവത്തിനു പിന്നാലെ പ്രസവ സംബന്ധമായ പ്രയാസങ്ങളുമായെത്തിയ യുവതിക്ക് ഗൈനക്കോളജി ഡോക്ടറുടെ ചികിത്സ വൈകിയത് ആശുപത്രി അധികൃതർക്കെതിരെ രൂക്ഷമായ വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രി, പ്രസവത്തിനായി ആശുപത്രിയിലെത്തിയ യുവതിക്ക് ഒരു മണിക്കൂറോളം കാത്തുനിന്നിട്ടും ചികിത്സ ലഭിച്ചില്ല. ഏഴ് ഗൈനക്കോളജി ഡോക്ടർമാരുള്ള ആശുപത്രിയിലാണ് ഈ ദുരവസ്ഥ. യുവതിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും അവിടെ നിന്ന് പ്രസവിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയിരിക്കുകയാണ്. ആശുപത്രിയിൽ രാത്രി ഡ്യൂട്ടിക്ക് ഗൈനക്കോളജി ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പ്രസവ സംബന്ധമായ പ്രയാസങ്ങളുമായെത്തിയ യുവതിക്ക് ശിശുരോഗ വിദഗ്ദ്ധന്റെ സേവനമാണ് ലഭിച്ചത്.
നേരത്തെ നവജാത ശിശു മരിക്കാനിടയായ സംഭവത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥ ബോദ്ധ്യപ്പെട്ടിരുന്നു. ഓപ്പറേഷൻ തിയേറ്റർ പൂട്ടി ജീവനക്കാരൻ താക്കോലുമായി പോയതിനെ തുടർന്ന് സിസേറിയൻ വൈകിയതാണ് നവജാത ശിശുവിന്റെ മരണത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. തുടർന്ന് ആശുപത്രിയിൽ മുഴുവൻ സമയവും ഗൈനക്കോളജി ഡോക്ടറുടെ സേവനം ഉറപ്പാക്കാൻ ജില്ല മെഡിക്കൽ ഓഫീസർ ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകി. രാത്രിയിൽ ആശുപത്രിയിൽ ഒരു ഡോക്ടർക്കും ഫോൺകോളിൽ എത്തുന്ന മറ്റൊരു ഡോക്ടർക്കും ഡ്യൂട്ടി നൽകണമെന്നായിരുന്നു നിർദ്ദേശം.
ഡിസംബർ 30ന് മുഖ്യമന്ത്രി നാടിന് സമർപ്പിച്ച ആശുപത്രിയിൽ മാർച്ച് ഒന്നു മുതലാണ് പ്രസവവും സിസേറിയനും ഉൾപ്പെടെയുള്ളവ തുടങ്ങിയത്.
കട്ടിൽ പോലുമായില്ല
ഒരേ സമയം നാല് പ്രസവം നടത്താവുന്ന സംവിധാനമാണ് മാതൃശിശു ആശുപത്രിയിലുള്ളത്.
300 ബെഡിന് സൗകര്യമുള്ള ആശുപത്രിയിൽ ആദ്യഘട്ടത്തിൽ 150 ബെഡ് സൗകര്യം ഒരുക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പകുതി പോലും ഒരുക്കാനായില്ല.
ദിനേന ശരാശരി പത്ത് പ്രസവം നടക്കുന്ന ആശുപത്രിയിൽ അമ്മയ്ക്കും കുഞ്ഞിനും വാർഡിൽ നിലത്ത് കിടക്കയിട്ട് കിടക്കേണ്ട ദുരവസ്ഥയാണ്.
കട്ടിൽ നിർമ്മാണത്തിന് തീരുമാനിച്ചിരുന്ന സർക്കാർ ഏജൻസിയിൽ നിന്ന് നിർദ്ദേശിച്ച എണ്ണം കട്ടിൽ ലഭിച്ചിട്ടില്ല.
താലൂക്ക് ആശുപത്രിയിൽ നിന്ന് കട്ടിൽ എത്തിച്ചാണ് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം കണ്ടത്.
പരാധീനതകളേറെ
ആശുപത്രിയിൽ നിർദ്ദേശിച്ചിരുന്ന ചികിത്സാ അനുബന്ധ പരിശോധനയുടെ മുഴുവൻ സൗകര്യങ്ങളും ഇനിയുമായിട്ടില്ല.
സ്‌കാനിംഗ്, എക്സ് റേ, ബ്ലഡ് സ്റ്റോറേജ് എന്നിവ ആരംഭിക്കേണ്ടതുണ്ട്.
ഫാർമസിയുടെ പ്രവർത്തനം 12 മണിക്കൂറായി ഉയർത്താനായില്ല.
എൻ.ഐ.എസ്.യുവിന്റെ പ്രവർത്തനം കൂടുതൽ സജ്ജീകരിക്കേണ്ടതുണ്ട്.
മുഴുവൻ തസ്തികകളും അനുവദിച്ച ശേഷമാണ് പ്രവർത്തനം ആരംഭിച്ചതെങ്കിലും ജീവനക്കാരുടെ ഒഴിവ് ഇപ്പോഴുമുണ്ട്. ശുചീകരണ ജീവനക്കാരുടെ എണ്ണത്തിലെ കുറവ് ആശുപത്രിയുടെ മുഴുവൻ സമയ ശുചിത്വത്തെ ബാധിക്കുന്നു.
മുഴുവൻ സമയം പ്രവർത്തിക്കാനുദ്ദേശിച്ചുള്ള ലബോറട്ടറി അത്തരത്തിൽ സജ്ജീകരിക്കപ്പെട്ടിട്ടില്ല.