മലപ്പുറം: ജില്ലയിൽ വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട അശുദ്ധ ജലത്തിൽ വളരുന്ന കൊതുകുകളാണ് രോഗംപരത്തുന്നത്. രോഗത്തിന് പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ലാത്തതിനാൽ കൊതുക നിർമ്മാർജ്ജന, നിയന്ത്രണ പ്രവർത്തനങ്ങളാണ് ഏക രോഗ പ്രതിരോധ മാർഗ്ഗമെന്ന് അധികൃതർ അറിയിച്ചു.
വെസ്റ്റ് നൈൽ പനി പക്ഷികളിൽ നിന്നും കൊതുകു വഴി മനുഷ്യരിലേക്ക്പകരുന്ന വൈറൽ ബാധയാണ്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകരില്ല. 80 ശതമാനം വൈറസ് ബാധിതരിൽ സാധാരണ വളരെ ചെറിയ തോതിലുള്ളരോഗലക്ഷണങ്ങളേ ഉണ്ടാവാറുള്ളൂ.
20 ശതമാനം പേരിൽ പനി, തലവേദന,ചർദ്ദി, തൊലിപ്പുറമെയുള്ള റാഷസ് എന്നീ ലക്ഷണങ്ങൾ കാണാം. ഒരുശതമാനത്തിൽ താഴെ ആളുകളിൽ വൈറസ് ബാധ നാഡീവ്യൂഹത്തെ ബാധിക്കുകയുംമരണം വരെ സംഭവിക്കുകയും ചെയ്തേക്കാം. സാധാരണഗതിയിൽ 150 രോഗികളിൽ ഒരാൾക്കേ ഗൗരവമായ രോഗലക്ഷണം ഉണ്ടാവൂ.
കൊതുകിനെതിരെ നീങ്ങാം
വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ മണ്ണിട്ട് മൂടിയോ, മറ്റ് മാർഗ്ഗങ്ങൾ സ്വീകരിച്ചോ വെള്ളക്കെട്ട് ഒഴിവാക്കുക.
കൊതുകു വളരുന്നസാഹചര്യങ്ങൾ ഒഴിവാക്കുക.
ടോയ്ലെറ്റുകളുടെ വെന്റ് പൈപ്പുകൾക്ക് വല ഇട്ട് കൊതുകുകളെ അകറ്റുക.
ടോയ്ലെറ്റുകളുടെ സെപ്ടിക് ടാങ്കിന്റെ അരികുകളിൽ ഗ്യാപ്പ് ഉണ്ടെങ്കിൽ സിമന്റ് അടയ്ക്കുക.
മലിനജലം ശരിയായി സംസ്കരിക്കുക.
ജലാശയങ്ങളിൽ ഗപ്പി മത്സ്യം വളർത്തുക.
ഓടകളിൽ മലിനജലം കെട്ടി നിൽക്കാൻ അനുവദിക്കരുത്.
വ്യക്തിഗത സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കുക.
ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കുക.
പരിസരങ്ങളിൽ ഏതെങ്കിലും പക്ഷികൾക്ക് (വീട്ടിൽ വളർത്തുന്നവ ഉൾപ്പെടെയുള്ളവ) അസുഖങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ചാവുകയോ ചെയ്താൽതൊട്ടടുത്തുള്ള മൃഗസംരക്ഷണ വകുപ്പ് അധികൃതരെയോ ആരോഗ്യവകുപ്പ് അധികൃതരെയോവിവരം അറിയിക്കുക.