നിലമ്പൂർ: ബി.ജെ.പിയെ 2014ൽ അധികാരത്തിൽ എത്തിച്ചത് മൻമോഹൻ സിംഗ് സർക്കാരെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. വയനാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി.സുനീറിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ നിലമ്പൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തവണ എൽ.ഡി.എഫിന് സ്വാധീനമുള്ള പാർലമെന്റാണ് ഉണ്ടാവുക. 2009ൽ എൽ.ഡി.എഫ് സഹായമില്ലാതെ വന്ന യു.പി.എ സർക്കാർ അഴിമതിയും സ്വജനപക്ഷപാതവും മൂലം ജനങ്ങളെ വെറുപ്പിച്ചതിന്റെ ഫലമാണ് നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നത്. 2004ൽ എൽ.ഡി.എഫ് പിന്തുണയോടെ ഭരിച്ച ഒന്നാം യു.പി.എ സർക്കാർ തൊഴിലുറപ്പ് പദ്ധതിയും വിവരാവകാശ നിയമവും നടപ്പാക്കി. ജനങ്ങൾക്ക് പ്രകടനപത്രികയിൽ പറഞ്ഞ ഒരു കാര്യവും ചെയ്യാത്ത സർക്കാരാണ് മോദിയുടേത്. അദ്ദേഹം പറഞ്ഞു. ജോർജ് കെ. ആന്റണി അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ.കെ. ശൈലജ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസിന്റെ അവകാശവാദം ജനങ്ങൾക്ക് മനസിലാകുന്നില്ലെന്നും രാജ്യത്തെ ഇന്നത്തെ ഈ അവസ്ഥയിലേക്ക് എത്തിച്ചതിന്റെ പരി
പൂർണ്ണ ഉത്തരവാദിത്വം കോൺഗ്രസിന്റേതാണെന്നും ശൈലജ ആരോപിച്ചു.
സി.പി.ഐ സംസ്ഥാന അസിസ്റ്ററ്റ് സെക്രട്ടറി സത്യൻ മൊകേരി, സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ്, സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ്, സ്ഥാനാർത്ഥി പി.പി.സുനീർ, തോമസ് മാത്യു, എം.എ. വിറ്റാജ്, രാജ് മോഹൻ, കെ. മനോജ്, ആർ. പാർഥസാരഥി, എം.ഉമ്മർ, പി.കെ. സൈനബ, നിലമ്പൂർ ആയിഷ, സബാഹ് പുൽപ്പറ്റ, കെ.പി പീറ്റർ, ഖാലിദ് മഞ്ചേരി, എൻ. വേലുക്കുട്ടി, പി.എം. ബഷീർ, എം.മുജീബ്, ഇ. പത്മാക്ഷൻ, എരഞ്ഞിക്കൽ ഇസ്മായിൽ, ബിജു കനകക്കുന്നേൽ, മാത്യു കാരാംവേലി, ടി. രവീന്ദ്രൻ, ടി.പി. ജോർജ്ജ്, ഡോ. കെ.ആർ വാസുദേവൻ, വി. അസൈനാർ, നിലമ്പൂർ ഹഫ്സത്ത് തുടങ്ങിയവർ പ്രസംഗിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും നിലമ്പൂരിൽ തുടങ്ങി. സത്യൻ മോകേരി ഉദ്ഘാടനം ചെയ്തു.