തിരൂരങ്ങാടി: വെസ്റ്റ് നൈൽ പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറു വയസുകാരൻ മരിച്ചു. എ.ആർ നഗർ കൊടുവായൂരിലെ ആസാദ് നഗറിൽ തിരുത്തി ചാണക്കത്തി ചേക്കുട്ടിയുടെയും നസീറയുടെയും മകൻ ടി.സി. മുഹമ്മദ് ഷഹാൻ ആണ് ഇന്നലെ പുലർച്ചെ മൂന്നരയോടെ മരിച്ചത്.
പനി ബാധിച്ച കുട്ടിയെ ഫെബ്രുവരി 17നാണ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ആശുപത്രികളിലായി 24 ദിവസം ചികിത്സിച്ചിട്ടും ഭേദമാകാത്തതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ സ്രവം, രക്തസാമ്പിൾ എന്നിവ മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ച് പരിശോധിച്ചപ്പോഴാണ് വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്രിയത്.
ആരോഗ്യവകുപ്പ് അധികൃതർ ഇന്നലെ കുട്ടിയുടെ വീട്ടിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കുട്ടിയുടെ പിതാവിന്റെ നാടായ എ.ആർ നഗറിൽ നിന്നും അമ്മയുടെ നാടായ വെന്നിയൂരിൽ നിന്നും കൊതുകുകളെ ശേഖരിച്ച് ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ചിട്ടുണ്ട്. എ.ആർ നഗറിൽ മൃതപ്രായമായ നിലയിൽ കണ്ടെത്തിയ കാക്കയുടെ ശരീരം ഹരിയാനയിലെ ഹിസാറിലേക്ക് പരിശോധനയ്ക്കയച്ചു. ഇതിന്റെ ഫലം വ്യാഴാഴ്ച ലഭിക്കും. എവിടെ നിന്നാണ് കുട്ടിക്ക് രോധബാധയുണ്ടായതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഫെബ്രുവരി ഒന്നു മുതൽ കുട്ടി വെന്നിയൂരിലെ അമ്മയുടെ വീട്ടിലായിരുന്നു. ഇവിടെ കൊതുകുശല്യം കൂടുതലാണ്.
സ്ഥലത്തെത്തി പരിശോധന നടത്തിയ കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട് ഉടൻ ലഭിക്കുമെന്ന് ഡി.എം.ഒ കെ. സക്കീന പറഞ്ഞു. പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. 75 വീടുകളിൽ പരിശോധന നടത്തിയെങ്കിലും രോഗലക്ഷണമുള്ള ആരെയും കണ്ടെത്താനായിട്ടില്ല.
എ.ആർ നഗർ പുകയൂർ മലബാർ സെൻട്രൽ സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിയാണ് മുഹമ്മദ് ഷഹാൻ. സംസ്കാരം കൊടുവായൂർ ഫസലിയ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തി. സഹോദരി: ഫാത്തിമ.
ആശങ്ക വേണ്ട: മന്ത്രി
ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രോഗം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ പ്രത്യേക മെഡിക്കൽ സംഘത്തെ അയച്ചിരുന്നു. ഇവർ രോഗം പടരാതിരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. വെസ്റ്റ് നൈലിന്റെ ലക്ഷണങ്ങളുമായി ആരെങ്കിലുമെത്തിയാൽ നിരീക്ഷിക്കാനും പ്രത്യേക ചികിത്സാസൗകര്യം ഏർപ്പെടുത്താനും നിർദ്ദേശിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ആരംഭത്തിൽ തന്നെ ചികിത്സ തേടണം. കൊതുകിന്റെ ഉറവിട നശീകരണമാണ് പ്രധാനം.