പൊന്നാനി: രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് കരുത്തുപകരാൻ ഇടതുപക്ഷത്തിനൊരു വോട്ടെന്ന പൊന്നാനിയിലെ ഇടതു സ്വതന്ത സ്ഥാനാർത്ഥി പി.വി. അൻവറിന്റെ പ്രചാരണത്തിന് ഇടതുമുന്നണി കൺവീനർ എ. വിജയരാഘവന്റെ തിരുത്ത്. രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാനല്ല, മറിച്ച് നരേന്ദ്രമോദിയെ താഴെയിറക്കാനാണ് ഇടതുപക്ഷത്തിന് വോട്ടു വേണ്ടതെന്ന് എൽ.ഡി.എഫ് കൺവീനർ പറഞ്ഞു. തിരൂരിൽ നടന്ന എൽ.ഡി.എഫ് കൺവെൻഷനിലായിരുന്നു പി.വി. അൻവറിന്റെ വിവാദ വോട്ടഭ്യർത്ഥന. കോൺഗ്രസ് വോട്ടുകൾ ലക്ഷ്യമിട്ടാണ് രാഹുൽഗാന്ധിയെ കൂട്ടുപിടിച്ച് പി.വി. അൻവർ വോട്ടഭ്യർത്ഥന നടത്തിയതെന്ന നിരീക്ഷണം ഉയരുന്നതിനിടെയാണ് എൽ.ഡി.എഫ് കൺവീനറുടെ തിരുത്ത്.
തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ റോൾ ?
തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് കൂട്ടുകക്ഷി സർക്കാരിനാണ് സാദ്ധ്യത. ഒറ്റയ്ക്ക് സർക്കാർ ഉണ്ടാക്കാനാവില്ല. മതേതര കക്ഷികളുടെ കെട്ടുറപ്പ് നിർണ്ണായകമാണ്. അതിന് ഇടതുപക്ഷത്തിന് വലിയ റോൾ നിർവ്വഹിക്കാനാകും.യു.പി.എ സർക്കാരിന് പത്തുവർഷം പൂർത്തീകരിക്കാനായത് ഇടതുപക്ഷം നൽകിയ കരുത്തുറ്റ പിന്തുണയുടെ ഭാഗമായിട്ടായിരുന്നു. ഇത് ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്തില്ലെങ്കിലും രാജ്യത്തിന് നേട്ടമായി.
മലപ്പുറം ചുവക്കുമോ ?
ചുവന്നുകൊണ്ടിരിക്കുന്ന മലപ്പുറത്തെ കൂടുതൽ ചുവപ്പിക്കുന്നതാവും ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പ്. മലപ്പുറം മുസ്ലിം ലീഗിനെ കൈവിടാൻ തുടങ്ങിയിട്ട് വർഷങ്ങായി.ലീഗിന്റെ സംസ്ഥാന നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, കെ.പി.എ മജീദ്, എം.കെ. മുനീർ എന്നിവർ മലപ്പുറത്തു നിന്ന് പരാജയമറിഞ്ഞവരാണ്. പൊന്നാനിയിൽ ഇത്തവണ വിജയം ഉറപ്പാണ്. പലതരം കച്ചവടം നടത്തുന്നവരാണ് ലീഗ് നേതാക്കൾ. കച്ചവടവും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടു നടക്കുകയാണ്. പൊതു സമൂഹത്തിനോടും മുസ്ലിം സമുദായത്തോടും യാതൊരു പ്രതിബന്ധതയും ഇവർക്കില്ല.ലീഗ് നേതൃത്വത്തിലെ കച്ചവട രാഷ്ട്രീയത്തിനെതിരെ ലീഗ് വോട്ടർമാരിൽ നിന്നു തന്നെ തിരഞ്ഞെടുപ്പിൽ പ്രതികരണങ്ങൾ ഉണ്ടാകും. മുസ്ലിം ലീഗിന്റെ രാഷ്ട്രീയമായ പിറകോട്ട് പോക്കിന് വേഗം കൂട്ടുന്നതായിരിക്കും ഈ തിരഞ്ഞെടുപ്പ്.
ഇടതുപക്ഷത്തിന്റെ വിജയസാദ്ധ്യത ?
ഏറ്റവും മികച്ച സ്ഥാനാർത്ഥികളുമായാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാനത്ത് ഇത്തവണ മികച്ച വിജയം നേടും. യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടിക കളങ്കിതരുടേയും സമ്മർദ്ദ ശക്തികളുടേതുമാണ്. ക്രിമിനൽ പശ്ചാത്തലമുള്ളവരും നിരന്തര ആക്ഷേപമുള്ളവരും യു.ഡി.എഫ് സ്ഥാനാർത്ഥികളിലുണ്ട്. തർക്കത്തിന്റെ ഉത്പന്നമാണ് യു.ഡി.എഫ് പട്ടിക.
ശബരിമലയും കാസർക്കോട്ടെ ഇരട്ടക്കൊലപാതകവും പ്രതികൂലമാകുമൊ ?
ശബരിമലയിലെ യുവതി പ്രവേശവും കാസർകോട്ടെ ഇരട്ടക്കൊലപാതകവും ഇടതുമുന്നണിയെ ബാധിക്കില്ല. ശബരിമല വിഷയം രാജ്യത്തിന്റെ നിയമവുമായി ബന്ധപ്പെട്ടുണ്ടായതാണ്.അതിനെ രാഷ്ട്രീയമായി മുതലെടുക്കാൻ ആർ.എസ്.എസ് ശ്രമിച്ചു. ഏതെങ്കിലും അമ്പലത്തെ കേന്ദ്രീകരിച്ച് കലാപമുണ്ടാക്കി നേട്ടം കൊയ്യുക എന്നത് ആർ.എസ്.എസിന്റെ പ്രവർത്തന രീതിയാണ്.കേരളത്തിൽ അതിനായി കണ്ടെത്തിയത് ശബരിമലയെയാണ്. നിരവധി കുതന്ത്രങ്ങൾ പുറത്തെടുത്തെങ്കിലും കേരള ജനത അതംഗീകരിച്ചില്ല. നിരാഹാര സമരക്കാർക്ക് പായയും മടക്കി പോകേണ്ട സ്ഥിതിയുണ്ടായി. ആരും അറിയാത്ത കുറെ ആൾദൈവങ്ങളെ പ്രതിഷ്ഠിക്കാനായെന്നതാണ് ആർ.എസ്.എസിനുണ്ടായ ഏക നേട്ടം.
കാസർക്കോട്ടെ ഇരട്ടക്കൊലപാതകം പ്രാദേശിക സംഭവമാണ്. രണ്ട് കോൺഗ്രസ്സുകാർ കൊല്ലപ്പെട്ടത് നിർഭാഗ്യകരമാണ്. ഇടതുപക്ഷം ഇതിനെ പിന്തുണക്കുന്നില്ല. കൊലപാതക രാഷ്ട്രീയത്തിന്റെ പ്രചാരകർ കോൺഗ്രസ്സും ബി.ജെ.പിയുമാണ്.137 സി.പി.എമ്മുകാരാണ് കോൺഗ്രസ്സുകാരാൽ കൊല്ലപ്പെട്ടത്. സമാധാനത്തിന്റെ പാർട്ടിയെന്ന പരിവേഷം കോൺഗ്രസ്സിന് ചേരില്ല.
ബി ജെ പി അക്കൗണ്ട് തുറക്കുമൊ ?
കേരളത്തിലെ 20 മണ്ഡലങ്ങളിലും എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം.ബി.ജെ.പി എവിടെയും ജയിക്കില്ല. ബി.ജെ.പിയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്. ഒരേ സമയം ബി.ജെ.പിയേയും മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് യു. ഡി. എഫ് സ്വീകരിക്കുന്നത്.നിയമസഭ തിരഞ്ഞെടുപ്പിൽ നേമത്ത് ഒ. രാജഗോപാൽ ജയിച്ചത് യു.ഡി.എഫിന്റെ സമീപനം കൊണ്ടാണ്. തിരുവനന്തപുരത്തും കാസർക്കോടും പത്തനംതിട്ടയിലും ബി.ജെ.പി ക്ക് ജയിക്കാനാകില്ല. ബി ജെ പിയെ പ്രോത്സാഹിപ്പിക്കുന്ന യു.ഡി.എഫിനെ തോൽപ്പിക്കേണ്ടത് അനിവാര്യമാണ്.