പരപ്പനങ്ങാടി: പൊന്നാനി ലോക്സഭ സീറ്റിൽ മത്സരിക്കാനൊരുങ്ങി രണ്ട് അൻവർമാർ. പരപ്പനങ്ങാടിയിലെ സാമൂഹ്യ സന്നദ്ധ പ്രവർത്തകരായ പി. ഒ. അൻവറും സി. പി. അൻവറുമാണ് മത്സരിക്കാൻ ഒരുങ്ങുന്നത്. അപരനാവാനല്ല, ജനാധിപത്യപരമായ അവകാശം വിനിയോഗിക്കാനാണ് മത്സരംഗത്തിറങ്ങുന്ന കാര്യം ആലോചിക്കുന്നതെന്ന് പരപ്പനങ്ങാടി യൂണിറ്റ് ട്രോമാ കെയർ സെക്രട്ടറിയും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവുമായ പി.ഒ. അൻവർ പറഞ്ഞു. പ്രധാന പാർട്ടികൾ അവഗണിച്ചു മാറ്റി നിറുത്തിയ ഭിന്നശേഷിക്കാരുടെ പ്രതിനിധിയായി മത്സരിക്കാനാണ് തനിക്കു താല്പര്യമെന്ന് ഒരു കാലിനൽപ്പം സ്വാധീനക്കുറവുള്ള സി.പി. അൻവർ പറഞ്ഞു. പി.ഒ. അൻവറിന് ജീവകാരുണ്യ പ്രവർത്തകനെന്ന നിലയിലും മുജാഹിദ് പ്രവർത്തകനെന്ന നിലയിലും സ്വാധീനമുണ്ട്. സി. പി. അൻവറിന് എ.പി. വിഭാഗം സുന്നികൾക്കിടയിൽ സ്വാധീനമുണ്ട്. തീരദേശത്തെ ജനങ്ങൾക്കിടയിലും ബന്ധങ്ങളുണ്ട്.തങ്ങളുടെ സ്ഥാനാർത്ഥിത്വം തെറ്റിദ്ധരിക്കപ്പെടുമോയെന്ന ആശങ്കയും ഇവർ പങ്കുവയ്ക്കുന്നു