മഞ്ചേരി: അടിസ്ഥാന സൗകര്യങ്ങളിൽ പിന്നാക്കം നിൽക്കുന്ന മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിൽ ലഭ്യമായ സംവിധാനങ്ങളും ആരോഗ്യ വകുപ്പ് തിരികെയെടുക്കുന്നെന്ന് പരാതി. ആതുരാലയത്തിനനുവദിച്ച ആംബുലൻസിനെ ചൊല്ലിയാണ് പരാതി. മെഡിക്കൽ കോളേജിൽ സൗകര്യപ്രദമായ ആംബുലൻസ് സാധാരണക്കാർക്ക് ലഭ്യമല്ല.
ഇവിടെയുണ്ടായിരുന്ന ആംബുലൻസാണ് കഴിഞ്ഞ ഒക്ടോബറിൽ ശബരിമല പ്രത്യേക ഡ്യൂട്ടിക്കായി കൊണ്ടുപോയത്. മാസങ്ങളേറെ പിന്നിട്ടിട്ടും വാഹനം മഞ്ചേരിയിൽ തിരിച്ചെത്തിച്ചിട്ടില്ല.
ഇതിനെതിരെ എം. ഉമ്മർ എം.എൽ.എ രംഗത്തുവന്നു.
ശബരിമലയിൽ എല്ലാ വർഷവും ആംബുലൻസ് ആവശ്യമാണെന്നിരിക്കെ, അതിനു സ്ഥിര സംവിധാനങ്ങളൊരുക്കാതെ പരിമിത സൗകര്യങ്ങളുള്ള മെഡിക്കൽ കോളേജുകളിലെ ആംബുലൻസുകൾ കൊണ്ടുപോവുന്നത് അംഗീകരിക്കാനാവില്ലെന്ന് എം.എൽ.എ പറഞ്ഞു.
ആംബുലൻസ് സമയബന്ധിതമായി തിരിച്ചെത്തിക്കുന്നതിൽ ഗുരുതര അലംഭാവമാണ് ആരോഗ്യവകുപ്പ് കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തിരിച്ചുകൊണ്ടുവരണം
• അർബുദബാധയെ തുടർന്നുമഞ്ചേരി മെഡിക്കൽ കോളേജിൽ മരിച്ച കർണാടക സ്വദേശിനിയുടെ മൃതദേഹം ബന്ധുക്കൾ സ്വകാര്യ വാഹനത്തിൽ ഡിക്കിയിലിട്ടു കൊണ്ടുപോയത് വിവാദമായിരുന്നു.
• നിലവിൽ രണ്ടു ചെറിയ ആംബുലൻസുകൾ മാത്രമാണ് മെഡിക്കൽ കോളേജിലുള്ളത്. ഇവയിൽ അത്യാവശ്യ സംവിധാനങ്ങൾപോലുമില്ല.
• വെന്റിലേറ്റർ സൗകര്യമൊഴികെയുള്ള സംവിധാനങ്ങളടങ്ങിയ ആംബുലൻസ് മഞ്ചേരിയിലില്ലാത്തതിനാൽ സ്വകാര്യ അംബുലൻസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സാധാരണക്കാർ.
• ഗുരുതരാവസ്ഥയിലുള്ള രോഗികളെ മറ്റ് ആശുപത്രികളിലേക്ക് എത്തിക്കാൻപോലും ബദൽ സംവിധാനങ്ങൾ അധികൃതർ ഒരുക്കിയിട്ടില്ല. ഇക്കാര്യത്തിൽ പ്രതിഷേധം ശക്തമാവുകയാണ്.
ശബരിമലയിൽ എല്ലാ വർഷവും ആംബുലൻസ് ആവശ്യമാണെന്നിരിക്കെ, അതിനു സ്ഥിര സംവിധാനങ്ങളൊരുക്കാതെ പരിമിത സൗകര്യങ്ങളുള്ള മെഡിക്കൽ കോളേജുകളിലെ ആംബുലൻസുകൾ കൊണ്ടുപോവുന്നത് അംഗീകരിക്കാനാവില്ല.ആംബുലൻസ് സമയബന്ധിതമായി തിരിച്ചെത്തിക്കുന്നതിൽ ഗുരുതര അലംഭാവമാണ് ആരോഗ്യവകുപ്പ് കാണിക്കുന്നത്.
എം. ഉമ്മർ എം.എൽ.എ