പൊന്നാനി: കേന്ദ്രത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്ന എല്ലാടേയും വോട്ട് അഭ്യർത്ഥിക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീർ.കേന്ദ്ര ഭരണത്തിനെതിരെ നിലപാടെടുക്കുന്ന ഏതെങ്കിലുമൊരു വ്യക്തിയുടേയൊ വിഭാഗത്തിന്റെയൊ വോട്ട് വേണ്ടെന്ന് പറയാനാകില്ല. സ്ഥാനാർത്ഥിയെന്ന നിലയിൽ ഫാസിസത്തിനെതിരെ നിലപാടെടുക്കുന്ന എല്ലാവരുടേയും വോട്ട് സ്വീകരിക്കും. ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ പോരാട്ടമാണ് തിരഞ്ഞെടുപ്പ് രംഗത്ത് ലക്ഷ്യമിടുന്നത്. സി.പി.എം പ്രവർത്തകരും അനുഭാവികളും അവരുടെ പാർട്ടി നിലപാടിനെതിരെ തനിക്ക് വോട്ട് ചെയ്യുമെന്നറിയിച്ചിട്ടുണ്ട്. അവരുടെ വോട്ട് വേണ്ടെന്ന് പറയാനാകില്ല.തന്റെ ചിഹ്നത്തിൽ വോട്ട് ചെയ്യാൻ വരുന്നവരോട് നിങ്ങളുടെ വോട്ട് എനിക്ക് വേണ്ടെന്ന് പറയാനാകില്ലെന്ന് ഇ ടി പറഞ്ഞു. എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്ന് യൂത്ത് ലീഗും മുസ്ലിം ലീഗിലെ ചിലരും പരസ്യ നിലപാടെടുത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു ഇ ടിയുടെ ഈ മറുപടി.
പൊന്നാനിയിലെ പ്രതീക്ഷ എങ്ങിനെ?
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എല്ലാ മേഖലയിലും അനുകൂല സാഹചര്യമാണ്. 2009 ലെ തിരഞ്ഞെടുപ്പിന് ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കൂടുതൽ ഭൂരിപക്ഷം ലഭിക്കും. ഇടതുപക്ഷം പൊന്നാനിയിൽ കാണുന്ന പ്രതീക്ഷ വെറും പറച്ചിലാണ്. പൊന്നാനി മണ്ഡലത്തിലെ യു.ഡി.എഫിന്റെ രാഷ്ട്രീയ ഘടന ശക്തമാണ്. പൊന്നാനി മറിയുമെന്ന് ഇടതുമുന്നണി പറയാൻ തുടങ്ങിയിട്ട് കാലമേറെയായി. 2009ലെ തെരഞ്ഞെടുപ്പിൽ പൊന്നാനി ചുട്ടുപൊള്ളുന്നു എന്നാണ് ഇടതുപക്ഷം പറഞ്ഞത്. അന്ന് തൊണ്ണൂറായിരത്തോളം വോട്ടിനാണ് യു.ഡി.എഫ് വിജയിച്ചത്.
പി.വി.അൻവറിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ ഇടതുപക്ഷം ലക്ഷ്യമിടുന്നത് ?
അവിശുദ്ധമായ രാഷ്ട്രീയമാണ് ഇടതുപക്ഷം പൊന്നാനിയിൽ പുറത്തെടുത്തിരിക്കുന്നത്. തികഞ്ഞ കാപട്യമാണ് പ്രചാരണ രംഗത്ത് ഇടതുസ്ഥാനാർത്ഥി പുറത്തെടുക്കുന്നത്. രാഹുൽ ഗാന്ധി ചങ്കാണെന്നും, കോൺഗ്രസ് നല്ല പ്രസ്ഥാനമാണെന്നും ഇടതു സ്ഥാനാർത്ഥി പ്രചരണത്തിൽ പറയുന്നു.അങ്ങിനെയെങ്കിൽ ഞങ്ങൾക്കൊപ്പം നിന്നാൽ പോരെ. സി പി എം ജയിച്ചാൽ തന്നെ ആരുടെ കൂടെ നിൽക്കുമെന്ന് പറയാനാകുമൊ.യു പി എ സർക്കാറിനെ വഴിയിൽ ഉപേക്ഷിച്ച് പോയവരാണ് സി.പി.എം. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകുമെന്ന് സി പി എമ്മിന് ഇപ്പോൾ ഉറപ്പിച്ച് പറയാനാകില്ല. അത്തരമൊരു സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ പേരുപയോഗിച്ച് ഇടതു സ്ഥാനാർത്ഥി വോട്ട് തേടുന്നത്. ഇതൊക്കെ തികഞ്ഞ രാഷ്ട്രീയ കാപട്യമാണ്. അവിശുദ്ധമായ പശ്ചാത്തലമാണ് പൊന്നാനിയിലെ ഇടതുപക്ഷത്തിനുള്ളത്.
കോൺഗ്രസ് വോട്ടുകളിൽ അടിയൊഴുക്കുണ്ടാകുമെന്ന പ്രചരണം ആശങ്കയുണ്ടാക്കുന്നുണ്ടോ ?
കോൺഗ്രസ് വോട്ടുകളിലെ ചോർച്ച സംബന്ധിച്ച ഇടതുപക്ഷ നിരീക്ഷണം പരമ വിഡ്ഢിത്തമാണ്. പാരമ്പര്യവും അടിവേരുമുള്ള പ്രസ്ഥാനമാണ് കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ ഭരണമാറ്റത്തിനായി കോൺഗ്രസ് ഒറ്റക്കെട്ടായി പരിശ്രമിക്കുകയാണ്. രാഹുൽ ഗാന്ധിക്ക് ശക്തി പകരുന്ന ഏതൊന്നിനോടും കോൺഗ്രസ് പൂർണ്ണഐക്യത്തോടെ ചേർന്നു നിന്ന് പ്രവർത്തിക്കുന്ന ഈ ഘട്ടത്തിൽ അടിയൊഴുക്ക് കാത്തിരിക്കുന്ന ഇടതുപക്ഷം വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്. മുസ്ലിം ലീഗ് പ്രവർത്തകരേക്കാൾ ഊർജ്ജസ്വലതയോടെയാണ് പൊന്നാനിയിൽ കോൺഗ്രസ്സുകാർ പ്രചരണ രംഗത്തുള്ളത്.
പൊന്നാനിക്ക് വേണ്ടി ചെയ്യാൻ ഉദ്ദേശിക്കുന്നത് ?
അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്കായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യം. ഐ ടി അധിഷ്ടിതമായ തൊഴിൽ സംരംഭങ്ങൾ സ്ഥാപിക്കും. കേന്ദ്രീയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് സ്ഥലം കിട്ടാനില്ലെന്നതാണ് പ്രധാന പ്രശ്‌നം.കേന്ദ്രീയ വിദ്യാലയം ആരംഭിക്കാൻ നിരവധി തവണ ശ്രമങ്ങൾ നടത്തി. സ്ഥലം ലഭ്യമാകാത്തതിനാൽ നടന്നില്ല. ടൂറിസം പദ്ധതികളെ കേന്ദ്രാവിഷ്‌കൃത പദ്ധതികളാക്കി വികസിപ്പിക്കും. മറൈൻ മ്യൂസിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറ്റുന്ന തരത്തിൽ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നടത്തും. ബിയ്യം കായൽ ടൂറിസത്തിൽ വൻ വികസനം സാധ്യമാക്കും.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ചെയ്യാൻ കഴിയാവുന്ന വികസനങ്ങൾ സാധ്യമാക്കി.കുറ്റിപ്പുറം പുതുപൊന്നാനി ദേശീയപാത യാഥാർത്ഥ്യക്കി. കോൾ മേഖലയിൽ വലിയ മാറ്റം സാധ്യമാക്കി. ഏതാണ്ട് അഞ്ഞൂറ് കോടി രൂപയുടെ വികസനമാണ് കൊണ്ടുവന്നത്.ആരോഗ്യമേഖലയിൽ എം എസ് ഡി പി പദ്ധതി കൊണ്ടുവന്നു. പൊന്നാനി താലൂക്ക് ആശുപത്രി വികസനത്തിന് തുടക്കമിട്ടു.മണ്ഡലത്തിലെ ആറ് ഇടങ്ങളിൽ ഡയാലിസിസ് സെന്റർ ആരംഭിച്ചു.പ്രധാന ഇടങ്ങളിൽ റയിൽവെ ഓവർ ബ്രിഡ്ജ് നിർമ്മിച്ചു.