പൊന്നാനി: താൻ പണമുണ്ടാക്കിയത് കച്ചവടം നടത്തിയാണെന്നും പൊതുപ്രവർത്തനം നടത്തിയാൽ എങ്ങിനെയാണ് കോടികൾ ഉണ്ടാക്കാനാവുകയെന്ന് യു.ഡി.എഫ് വ്യക്തമാക്കണമെന്നും പൊന്നാനി ലോക്സഭ മണ്ഡലം ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവർ പറഞ്ഞു. പാർലമെന്റംഗമായ പത്തുവർഷത്തിനിടെ ഇ.ടി. മുഹമ്മദ് ബഷീറിന്റെ ആസ്തിയിലും വരുമാനത്തിലുമുണ്ടായ ഗണ്യമായ വർദ്ധനവ് എങ്ങിനെയെന്ന് പൊതുസമൂഹത്തോട് വ്യക്തമാക്കണം. വ്യാപാരവും വ്യവസായവും നടത്തിയാണ് താൻ പണമുണ്ടാക്കിയത്. പിതാവും പിതാമഹനും കച്ചവടക്കാരും കർഷകരുമായിരുന്നു.
ഒരു ലക്ഷം രൂപ ഒരുമിച്ച് എണ്ണാൻ കഴിയാത്തവർ ഇത്രയും കോടി എങ്ങിനെ ഉണ്ടാക്കിയെന്ന് ജനം തിരിച്ചറിയും. തന്റെ കച്ചവടം കുടുംബത്തെ പോറ്റാൻ മാത്രമല്ല, തന്റെ നാടിനെ കൂടി പോറ്റാനാണ്. ഇത് തന്റെ നാട്ടുകാർക്ക് ബോദ്ധ്യമുള്ളതാണെന്ന് അൻവർ പറഞ്ഞു
.
രാഹൂൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാൻ ഇടതു പക്ഷത്തിന് വോട്ട് ചെയ്യണമെന്ന താങ്കളുടെ പ്രചാരണത്തിനു പിന്നിലെ രാഷ്ട്രീയം എന്താണ് ?
രാഹൂൽ ഗാന്ധിയുടെ പേര് പറഞ്ഞ് വോട്ട് പിടിക്കേണ്ട ഗതികേട് എനിക്കോ ഇടതു പക്ഷത്തിനൊ ഇല്ല. പ്രസംഗത്തിന്റെ തലയും വാലും മുറിച്ച് പ്രചരിപ്പിക്കുകയാണവർ. വീട്ടിൽ പറഞ്ഞ കാര്യങ്ങളല്ല ഇത്. പൊതു ജനങ്ങളോട് പറഞ്ഞതാണ്.
മുസ്ലിംലീഗിന്റെ പൊന്നാപുരം കോട്ട തകർക്കാൻ താങ്കൾക്കാകുമോ ?
പണ്ടത്തെപ്പോലെ ഒരു രാഷ്ട്രീയ പാർട്ടികൾക്കും കോട്ടകളില്ല. ആ കാലം കഴിഞ്ഞു. ജനപ്രതിനിധികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി അംഗീകരിക്കുന്ന കാലമാണിത്. 2014ലെ തിരഞ്ഞെടുപ്പ് പോലെ അല്ല 2019ലേത്. സാമൂഹ്യമാദ്ധ്യമങ്ങളുടെ കാലമാണിത്. മണ്ഡലത്തിന്റെ അവസ്ഥ വിലയിരുത്തപ്പെടും. 42 വർഷത്തെ വികസന മുരടിപ്പ് ഇവിടെ ചർച്ചയാകും. മുസ്ലിംലീഗ് ഇതുവരെ പൊന്നാനിയിൽ പരാജയപ്പെട്ടിട്ടില്ല. ആരെ നിറുത്തിയാലും ജയിക്കാനാകുമെന്ന അഹങ്കാരം മണ്ഡലത്തിൽ വികസന മുരടിപ്പുണ്ടാക്കിയെന്ന് ജനം തിരിച്ചറിയുന്നു. ഇതിനെതിരായ വോട്ട് സ്വാഭാവികമായും ഇടതുപക്ഷത്തിന് അനുകൂലമാവും.
നിലമ്പൂർ എം.എൽ.എയായ താങ്കളെ പൊന്നാനിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ തീരുമാനിച്ചതിനു പിന്നിലെ രാഷ്ട്രീയ തന്ത്രമെന്ത്?
ഇക്കാര്യത്തിൽ യാതൊരു തന്ത്രവുമില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയമെന്നത് വിജയിക്കാനുള്ള പോരാട്ടമാണ്. ഇതിന് ഒട്ടനവധി ഘടകങ്ങൾ പാർട്ടി ചർച്ച ചെയ്യും. പൊതു സമൂഹവുമായും പാർട്ടി ചർച്ച നടത്തും.ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഉരുത്തിരിഞ്ഞ ആശയം എന്ന നിലയിലാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായത്.
രാഷ്ട്രീയ വോട്ടുകൾ കൊണ്ടു മാത്രം പൊന്നാനിയിൽ ഇടതു സ്ഥാനാർത്ഥിക്ക് വിജയിക്കാനാകില്ല. ഏതെങ്കിലും തരത്തിലുള്ള അടിയൊഴുക്കുകൾ പ്രതീക്ഷിക്കുന്നുണ്ടൊ ?
മുസ്ലിം സമുദായത്തെ കബളിപ്പിച്ചു കൊണ്ടുള്ള കപട രാഷ്ട്രീയം മുസ്ലിം സമുദായവും പൊതു സമൂഹവും തിരിച്ചറിഞ്ഞിട്ടുണ്ട്. 10 വർഷത്തിനിടെ എന്തു ചെയ്തുവെന്നതിന് ഇവർക്ക് ഉത്തരമില്ല. ഇനിയും അഞ്ചു വർഷം കൂടി നൽകണമെന്നാണ് പറയുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.പകൽ മതേതരത്വം പറയുകയും രാത്രി വർഗ്ഗീയ കക്ഷികൾക്കൊപ്പം ചേരുകയും ചെയ്യുന്ന മുസ്ലിം ലീഗിന്റെ ഇരട്ട നിലപാട് മതേതര സമൂഹം നല്ല നിലയിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. മുസ്ലിം ലീഗിന്റെ കപട മതേതരത്വം ബലപ്പെടുത്തുന്നതായിരുന്നു കൊണ്ടോട്ടിയിൽ എസ്.ഡി.പി.ഐയുമായുള്ള ചർച്ച. ഇത് മതേതര വോട്ടർമാർ ഗൗരവമായാണ് എടുത്തിരിക്കുന്നത്. മതേതര കക്ഷിയുടെ കൈയിൽ അധികാരം ഏൽപ്പിക്കുകയെന്നത് അനിവാര്യമായി കണക്കാക്കുകയാണ്. വികസനവും വർഗ്ഗീയതയും പ്രധാന ചർച്ചയാകുന്ന ഘട്ടത്തിൽ ഇക്കാര്യത്തിൽ കൃത്യമായ നിലപാടെടുക്കുന്ന ഇടതുപക്ഷത്തിനനുകൂലമായി വിവിധ വിഭാഗങ്ങളിൽ നിന്ന് വോട്ട് വന്ന് ചേരും.
പഴയ കോൺഗ്രസ് നേതാവാണെന്നത് തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഗുണം ചെയ്യുമോ ?
മുസ്ലിം ലീഗ് ജില്ലയിൽ നടത്തുന്ന ഏകപക്ഷീയ പ്രവർത്തനങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ അസംതൃപ്തരാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ മൂന്നാംസീറ്റെന്ന ആവശ്യത്തിൽ നിന്ന് മുസ്ലിം ലീഗ് പിൻവാങ്ങിയത് കടുത്ത വിലപേശലിന്റെ ഭാഗമായാണ്. ഇനി വരാനുള്ള രണ്ട് രാജ്യസഭ സീറ്റുകളും മലപ്പുറം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് നിയമസഭ സീറ്റുകളുമാണ് കോൺഗ്രസിനോട് മുസ്ലിം ലീഗ് ആവശ്യപ്പെട്ടത്. കോൺഗ്രസ് നേതൃത്വവും മുസ്ലിം ലീഗും സ്വീകരിച്ചു വരുന്ന നിലപാടുകൾ മലബാറിലെ കോൺഗ്രസിന്റെ തകർച്ചയ്ക്ക് വഴിവച്ചുവെന്ന് കരുതുന്ന നിരവധി കോൺഗ്രസ് പ്രവർത്തകരുണ്ട്. കാലാക്കാലം മുസ്ലിം ലീഗിന് ജയ് വിളിച്ചും കോണിക്ക് വോട്ട് ചെയ്തും
കാലം കഴിക്കേണ്ട അവസ്ഥയാണ്. ജില്ലാ പഞ്ചായത്തും ബ്ലോക്കും ഗ്രാമ പഞ്ചായത്തുകളും ഭരിക്കുന്നത് ലീഗാണ്. ഇവിടങ്ങളിലെ വില്ലേജ് ഓഫീസുകളിൽ പോലും കോൺഗ്രസുകാർക്ക് പരിഗണന ലഭിക്കുന്നില്ല.
ഭരണ പങ്കാളിത്തത്തിൽ കോൺഗ്രസുമായുള്ള ധാരണ സ്ഥിരമായി ലംഘിക്കുന്ന രീതിയാണ് ലീഗിന്റേത്. ഇതിൽ കടുത്ത മാനസിക വിഷമം അനുഭവിക്കുന്ന നിരവധി കോൺഗ്രസ് പ്രവർത്തകരുണ്ട്.
കോൺഗ്രസിന്റെ അസ്ഥിത്വം നഷ്ടപ്പെടുത്തിയ ലീഗിന് വോട്ട് ചെയ്യണോ, അതോ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന തനിക്കു വോട്ടു ചെയ്യണോയെന്ന് അവർ തീരുമാനിച്ചേക്കും.