മലപ്പുറം: മാരകരോഗങ്ങൾ ബാധിച്ചവർക്ക് മുൻഗണനാ കാർഡ് നൽകുന്ന നടപടി അവസാനിപ്പിച്ച് സിവിൽ സപ്ലൈസ് വകുപ്പ്. പകരം നിലവിലുള്ള റേഷൻ കാർഡിൽ ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരുടെ പ്രത്യേക സീൽ പതിക്കാനാണ് തീരുമാനം. കാൻസർ, വൃക്കകളുടെ തകരാർ, പക്ഷാഘാതം, എയ്ഡ്സ്, സ്ഥിരമായ കുഷ്ടം, ഹൃദ്രോഗം എന്നിവ ബാധിച്ചവർക്ക് മുൻഗണനാ കാർഡ് നൽകുന്ന രീതി അവസാനിപ്പിക്കാൻ ഫെബ്രുവരി 22നാണ് ജില്ലാ സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർക്ക് ഉത്തരവ് ലഭിച്ചത്. ഇതുപ്രകാരം ചികിത്സാ രേഖകൾ സഹിതം ജില്ലാ മെഡിക്കൽ ഓഫീസറുടെ മുന്നിൽ ഹാജരാവണം. സീൽ പതിക്കുന്നതോടെ മുൻഗണന പട്ടികയിലുള്ളവർക്ക് ലഭിക്കുന്ന ചികിത്സാ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാവും. അതേസമയം , മുൻഗണനാ കാർഡുള്ളവർക്കുള്ള റേഷൻ വിവിഹം ലഭിക്കില്ല.
ഗുരുതര രോഗം ബാധിച്ചവർക്കായി ലഭിക്കുന്ന റേഷൻ കാർഡുകൾ വലിയ തോതിൽ ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. രോഗി മരണപ്പെട്ടാലും ബന്ധുക്കൾ ഇക്കാര്യം അറിയിക്കാതെ റേഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ അനധികൃതമായി കൈപ്പറ്റിവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗുരുതര രോഗം ബാധിച്ചവർക്ക് മുൻഗണന റേഷൻ കാർഡ് അനുവദിക്കുന്നതിൽ അധികൃതർ മാനദണ്ഡങ്ങൾ പരിഗണിക്കാറില്ല. സാധാരണഗതിയിൽ ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവർ, പുറമ്പോക്കിൽ താമസിക്കുന്നവർ, വീട് വയ്ക്കാൻ ഭൂമിയില്ലാത്തവർ, കൂലിവേല അടക്കം വരുമാനം കുറഞ്ഞവർ എന്നിവർക്കാണ് കൂടുതൽ പ്രാമുഖ്യമേകുന്നത്. ആയിരം ചതുരശ്ര അടിക്കുമേൽ വിസ്തീർണ്ണമുള്ള വീട്, സ്വന്തമായി നാലുചക്രവാഹനം, സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, ഒരേക്കർ ഭൂമി സ്വന്തമായുള്ളവർ, ആദായ നികുതി ഒടുക്കുന്നവർ എന്നിവരെ മുൻഗണനാ കാർഡിലേക്ക് പരിഗണിക്കേണ്ടതില്ല. എന്നാൽ ഗുരുതര രോഗബാധിതരുടെ കാര്യത്തിൽ ഉദാരമായ സമീപനമാണ് സ്വീകരിച്ചിരുന്നത്.