മഞ്ചേരി: വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവു വിൽപ്പന നടത്തുന്ന രണ്ടംഗ സംഘം മഞ്ചേരിയിൽ പിടിയിലായി. ബംഗാളിലെ കൊൽക്കത്ത സ്വദേശികളായ ഗോവിന്ദ ലക്ട് റോഡിലെ ഷേക്ക് ഫിറോസ് (29), മുർഷിദാബാദ് റാണി നഗറിലെ സാമ്രാട്ട് ഷേക്ക് (22) എന്നിവരാണ് അറസ്റ്റിലായത്. മഞ്ചേരി സി.ഐ. എൻ.ബി. ഷൈജുവിനെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരേയും പിടികൂടിയത്. സംഘത്തിൽ നിന്ന് വിൽപ്പനക്കായി കൊണ്ടുവന്ന അഞ്ഞൂറോളം പാക്കറ്റ് കഞ്ചാവ് പിടിച്ചെടുത്തു. തദ്ദേശീയരായ ലഹരി വിൽപ്പന സംഘങ്ങളുമായി ബന്ധമുള്ളവരാണ് ഇപ്പോൾ അറസ്റ്റിലായതെന്നും ഇവരെ വിൽപ്പനയ്ക്കായി നിയോഗിച്ചവരെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു. വിവിധ ജോലികൾ ചെയ്യുന്നതിനിടെയാണ് ഇരുവരും കഞ്ചാവു വിൽപ്പന രംഗത്തു സജീവമായിരുന്നത്. അടുത്തിടെ മയക്കുമരുന്നു ഉപയോഗത്തെ തുടർന്ന് രണ്ടുപേർ മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മഞ്ചേരി കേന്ദ്രീകരിച്ചു ലഹരി വിൽപ്പന നടത്തുന്ന സംഘങ്ങളുടെ വിവരങ്ങൾ പൊലിസ് ശേഖരിച്ചിട്ടുണ്ട്. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി ശശികുമാർ, മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ എന്നിവരുടെ നിർദ്ദേശപ്രകാരമാണ് അറസ്റ്റു നടന്നത്. ഇരുവരേയും കോടതിയിൽ ഹാജരാക്കി. വിദ്യാർത്ഥിളെ ലക്ഷ്യമിട്ടു വൻ മയക്കുമരുന്നു മാഫിയ മഞ്ചേരി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതായി പൊലീസ് വ്യക്തമാക്കി. സി.ഐക്കൊപ്പം എസ്.ഐമാരായ ബൈജു, കെ. മുഹമ്മദ്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് , മുഹമ്മദ് സലീം പൂവ്വത്തി, ദിനേശ് ഇരുപ്പകണ്ടൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടി
യത്.