തേഞ്ഞിപ്പലം: ചേളാരി ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പാചക വാതക ഫില്ലിംഗ് യൂണിറ്റിൽ നിന്നും കഴിഞ്ഞ മാസം സിലിണ്ടർ ലോറി മോഷണം നടന്ന സംഭവത്തിൽ ഒരാളെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു . കോഴിക്കോട് തൊണ്ടയാട് നെല്ലിക്കോട് പറയർകണ്ടി സി.കെ.അനീഷ് (34) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 27ന് രാത്രിയാണ് ഐ.ഒ.സിയുടെ പാർക്കിംഗ് ഏരിയയിൽ നിറുത്തിയിട്ട സിലിണ്ടർ ലോറി മോഷണം പോയത്. ലോറി നല്ലളത്ത് റോഡരികിൽ നിന്നും പൊലീസ് പിന്നീട് കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. സിലിണ്ടർ നിറച്ച ലോറി കോഴിക്കോട് വെസ്റ്റ് ഹില്ലിലെ സ്വകാര്യ ഗ്യാസ് ഏജൻസി ഗോഡൗണിൽ എത്തിച്ച് സിലിണ്ടർ അവിടെ ഒളിപ്പിച്ചു. ലോറി നല്ലളത്ത് ഉപേക്ഷിച്ചു.ഇയാൾ പന്തീരാങ്കാവ് സ്റ്റേഷനിൽ ഒരു കേസിൽ പിടിക്കപ്പെട്ട് ജയിലിലായിരുന്നു. അവിടെ വച്ച് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുത്തു. ഇയാളുടെ പേരിൽ വേറേയും കേസുകളുള്ളതായി പൊലീസ് പറഞ്ഞു.
പിന്നീട് അറസ്റ്റിലായ അനീഷിനെ കോടതി വീണ്ടും റിമാൻഡ് ചെയ്തു .