നിലമ്പൂർ : നിലമ്പൂർ ചാലിയാർ ആശുപത്രിക്ക് സമീപമുള്ള പറമ്പിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ തീപിടിത്തമുണ്ടായി. നിലമ്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച തീ തൊട്ടടുത്ത 10 ഏക്കറോളം വരുന്ന പറമ്പിലേക്ക് പടർന്നു. സമീപത്തുണ്ടായിരുന്ന റബർ നഴ്സറി ജീവനക്കാർ വിവരമറിയിച്ച പ്രകാരം നിലമ്പൂർ ഫയർഫോഴ്സെത്തി തീയണച്ചു. രണ്ടേക്കറോളം സ്ഥലത്തെ പുല്ലിനും അടിക്കാടിനും തെങ്ങുകൾക്കുമാണ് തീപിടിച്ചത്. ഫയർഫോഴ്സിന്റെ സമയബന്ധിതമായ ഇടപെടൽ തൊട്ടടുത്ത ചാലിയാർ ആശുപത്രിയിലേക്കും വീടുകളിലേക്കും റബർ നഴ്സറിയിലേക്കും തീ വ്യാപിക്കുന്നത് തടഞ്ഞു. ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂർ, ലീഡിംഗ് ഫയർമാൻ കെ. യൂസഫലി എന്നിവർ നേതൃത്വം നൽകി.