മഞ്ചേരി: വിവാദങ്ങൾ ശക്തമായിരിക്കെ മഞ്ചേരിയിൽ ബസ് ഗതാഗത രീതിയിൽ വീണ്ടും മാറ്റം. മലപ്പുറത്ത് കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വീണ്ടും ഗതാഗത പരിഷ്കാരം നടപ്പാക്കാൻ തീരുമാനിച്ചത്. ഇതനുസരിച്ച് കോഴിക്കോടു ഭാഗത്തേക്കുള്ള ബസുകൾ പഴയ രീതിയിൽ പാണ്ടിക്കാട് റോഡിലെ സീതിഹാജി ബസ് സ്റ്റാന്റിൽ നിന്നു തന്നെ സർവീസ് നടത്തും. നേരത്തെ ചില ബസുകൾ കച്ചേരിപ്പടി ഐ.ജി.ബി.ടി സ്റ്റാന്റിൽ നിന്നും ചിലത് സീതിഹാജി സ്റ്റാന്റിൽ നിന്നും യാത്ര പുറപ്പെടുന്ന രീതിയായിരുന്നു. പുതിയ തീരുമാനമനുസരിച്ച് പഴയ ബസ് സ്റ്റാന്റിൽ നിന്നും സർവീസ് നടത്തുന്ന മലപ്പുറം, തിരൂർ, പെരിന്തൽമണ്ണ, പരപ്പനങ്ങാടി ഭാഗത്തേക്കുള്ള ബസുകൾ ഇനി കച്ചേരിപ്പടിയിൽ നിന്നാണ് സർവീസ് നടത്തേണ്ടത്. തിരിച്ച് വരുമ്പോൾ സ്റ്റാൻഡിൽ കയറാതെ തുറയ്ക്കൽ ബൈപ്പാസ് വഴി സെൻട്രൽ ജംഗ്ഷനിലെത്തി ആളെയിറക്കി മെഡിക്കൽ കോളേജ് വഴി കച്ചേരിപ്പടിയിലേക്ക് പോകണം. ഇതിനായി ശ്രീകൃഷ്ണ തീയേറ്ററിന് സമീപം പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കും. അപകടാവസ്ഥയിലായ പഴയ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് ഇനി ബസുകളെ സർവീസ് നടത്താൻ അനുവദിക്കില്ല. പഴയ സ്റ്റാന്റിൽ നിന്നും സർവീസ് നടത്തിയ കിഴിശ്ശേരി, പൂക്കോട്ടൂർ ഭാഗത്തേക്കുള്ള ബസുകൾ സീതിഹാജി ബസ് സ്റ്റാൻഡിൽ നിന്നും സർവീസ് നടത്തും.