പെരിന്തൽമണ്ണ: പ്രകൃതിയുടെ സാന്നിദ്ധ്യം വിദ്യാർത്ഥികൾക്കനുഭവിച്ചറിയാനാവും വിധം പുഴക്കാട്ടിരി എ.എൽ.പി സ്കൂളിൽ ഒരുക്കിയ ജൈവവൈവിദ്ധ്യപാർക്കിന് ജില്ലാ തല അംഗീകാരം. മലപ്പുറം ജില്ലയിലെ ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിൽ മികച്ച രണ്ടാമത്തെ ജൈവ വൈവിദ്ധ്യ ഉദ്യാനമായാണ് സ്കൂളിലെ ഉദ്യാനത്തെ തിരഞ്ഞെടുത്തത്.
25 സെന്റ് വിസ്തൃതിയിൽ ഫലവൃക്ഷങ്ങളും ചെറിയ മരങ്ങളും സുഗന്ധവ്യഞ്ജന ചെടികളും വള്ളിച്ചെടികളും മനോഹരങ്ങളായ പൂച്ചെടികളും ഔഷധ സസ്യങ്ങളും വൻ മരങ്ങളും ചെറുകുന്നുകളും ആകർഷകമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ശലഭോദ്യാനം, കുളം, കുട്ടികൾക്കായി പാർക്ക് എന്നിവ ഒരുക്കിയിട്ടുണ്ട്.
മലപ്പുറം ജില്ലാ വിദ്യാഭ്യസ ഓഫീസറുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഫോറസ്റ്റ് ഓഫീസർ , ജൈവവൈവിദ്ധ്യ വകുപ്പ് ഓഫീസർ എന്നിവരടങ്ങിയ സമിതി സ്കൂളിൽ സന്ദർശനം നടത്തിയിരുന്നു. ഇവരാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ഇതിന്റെ ആഹ്ളാദത്തിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും.