ദാഹിച്ചു തളർന്ന മണൽപരപ്പാണ് മലയാളിയുടെ ഗൃഹാതുര ഓർമ്മകളെ സമ്പന്നമാക്കിയ നിളയിപ്പോൾ. നെഞ്ചകം പിളർത്തിയുള്ള മണലൂറ്റലിൽ ദാഹജലം പേറാൻ പോലും നിളയ്ക്കാവുന്നില്ല. പ്രളയത്തിൽ നിലതെറ്റിയൊഴുകിയ നിളയിൽ നീർച്ചാലുകൾ പോലും അപൂർവ കാഴ്ച്ചയാണിപ്പോൾ. മൺസൂണിനെ അറബിക്കടലിൽ എത്തിക്കാനുള്ള പാതയായി അവശേഷിച്ചിട്ടുണ്ട് നിളയെന്ന ഭാരതപ്പുഴ.
കൊല്ലാക്കൊലയിലും പുനർജ്ജനിക്കാനുള്ള നിളയുടെ ശ്രമങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കുന്ന കാഴ്ചയാണ് ചുറ്റും. പ്രളയത്തിൽ അടിഞ്ഞുകൂടിയ മണൽകൂനകളെ പകൽവെളിച്ചത്തിൽ പോലും നിർബാധം ഊറ്റുന്ന മാഫിയകൾ വൈകാതെ നിളയുടെ അവസാന ശ്വാസവും കവർന്നെടുക്കും. നടപടിയെടുക്കേണ്ട അധികൃതർ കൊള്ളയ്ക്ക് നേരെ കണ്ണടക്കുമ്പോൾ നിസ്സഹായയായി നിള പുളയുകയാണ്. മണലിന്റെ വീണ്ടെടുപ്പ് സംരക്ഷിച്ചാൽ ഒരുപക്ഷേ നിളയെ തിരിച്ചുകിട്ടിയേക്കാം. അടുത്തിടെയായി മണൽത്തരികളെ അടിത്തട്ടിൽ ഒളിപ്പിക്കാനുള്ള ശേഷി നിള തിരിച്ചുപിടിക്കുന്നതും ശുഭസൂചനയാണ്. നാല് പതിറ്റാണ്ടിലധികം നീണ്ട മണലെടുപ്പാണ് നിളയുടെ ജീവിതം മാറ്റിയെഴുതിയത്. വേനലിൽ പോലും ഇരുകരകളെയും തഴുകി തെളിനീരുമായി ഒഴുകിയ നിളയുടെ കാഴ്ച പുതുതലമുറയ്ക്ക് അന്യമാക്കിയതും മാറ് പിളർന്നുള്ള ഈ മണലൂറ്റലാണ്. 36 സർക്കാർ അംഗീകൃത കടവുകളിൽ നിന്ന് ഒരുവർഷം 5.1ലക്ഷം ക്യൂബിക് മീറ്റർ മണലാണ് നിളയിൽ നിന്ന് കോരിയെടുത്തത്. ഇരുട്ടുവീണാൻ പിന്നെ പുലരുവോളം മണലൂറ്റിയിരുന്ന 600ഓളം അനധികൃത മണൽകടവുകളും നിളയിലുണ്ടായിരുന്നെന്ന് തിരിച്ചറിയുമ്പോഴാണ് മണലൂറ്റലിന്റെ ഭീകരത ബോദ്ധ്യമാവുക. പലയിടങ്ങളിലും നാലും അഞ്ചും മീറ്ററിലധികം ആഴത്തിൽ മണലൂറ്റിയപ്പോൾ അവശേഷിച്ചത് ചെളിക്കുണ്ടുകളാണ്. ഒഴുകുന്ന വെള്ളത്തിന്റെ രണ്ടിരട്ടി മണൽതിട്ടകളിൽ ഒഴുകാതെ സൂക്ഷിക്കപ്പെടുമെന്നത് ആരും പരിഗണിച്ചില്ല.
ഒരുവർഷം 7,478 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം നിളയിലൂടെ ഒഴുകിപോവുന്നുണ്ടെന്നാണ് സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് ആൻഡ് മാനേജുമെന്റിന്റെ കണക്ക്. ഇതിൽ നല്ലൊരു പങ്കും മൺസൂണിലാണ്. നിള ഒഴുകുന്ന പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളെ ജലസമ്പന്നമാക്കാൻ മറ്റൊന്നും വേണ്ട. എന്നിട്ടും വേനലിന് മുമ്പെ നീളയോരം കുടിനീരിനായി നെട്ടോട്ടമോടുകയാണ്. മലമ്പുഴ, മംഗലം, വാളയാർ, പോത്തുണ്ടി, മീങ്കര, ചീറ്റൂർ, ചുള്ളിയാൽ, കാഞ്ഞിരപ്പുഴ എന്നിങ്ങനെ വലുതും ചെറുതുമായ 17ഓളം ഡാമുകൾ നിളയെ ഒഴുകാത്ത പുഴയാക്കിയിട്ടുണ്ട്. തടയണകളിൽ നിന്നും നിയമാനുസൃതം ഒഴുക്കിവിടേണ്ട വെള്ളവും പിടിച്ചുവച്ചതോടെ കരയിലേക്കിട്ട മീനിനെ പോലെ പിടയാനാണ് നിളയുടെ വിധി.
നഷ്ടപ്രതാപത്തിന്റെ ഓർമ്മകളെ അനുസ്മരിപ്പിക്കുന്ന വിരലിലെണ്ണാവുന്ന ഇടങ്ങളിലാവട്ടെ വെള്ളം കുടിക്കാൻ പോലും പറ്റില്ല. ഭയാനകമാവം വിധം കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം പലതവണ കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും സെപ്റ്റിക് മാലിന്യമടക്കം നിർബാധം തള്ളുന്നതിന് ഒരുകുറവുമില്ല. മൂന്ന് ജില്ലകളിലെ അസംഖ്യം മാലിന്യഓടകൾ തുറക്കുന്നതും നിളയിലേക്കാണ്. തദ്ദേശസ്ഥാപനങ്ങൾ പോലും വിരൽ അനക്കുന്നില്ല.
നിള വരുന്ന വഴി
പശ്ചിമഘട്ടത്തിലെ ആനമലയിൽ നിന്നാരംഭിച്ചു പാലക്കാട്ടെ കണ്ണാടിപ്പുഴയും കൽപ്പാത്തിയും തൂതപ്പുഴയുമടക്കം ചെറുപുഴകളുമായി സംഗമിച്ചാണ് മലയാളിയുടെ നിളയാവുന്നത്. പൊന്നാനിയിൽ അറബിക്കടലിലേക്ക് ലയിക്കുമ്പോൾ നിള പിന്നിടുന്നത് 209 കിലോമീറ്റർ. പശ്ചിമഘട്ടത്തിലെ മലനിരകളും ചെറുതോടുകളുടങ്ങിയ വൃഷ്ടിപ്രദേശമാണ് നിളയുടെ ജീവൻ. കേരളത്തിൽ 400 ചതുരശ്ര കി.മീറ്ററും തമിഴ്നാട്ടിൽ 1,768 ച.കി.മീ. വൃഷ്ടിപ്രദേശവുമുണ്ട്. ആനമലനിരകളിലെ മിക്ക വനങ്ങളും നെല്ലിയാമ്പതി, വാളയാർ, ധോണി, അകമലവാരം വനമേഖലകളും വെട്ടിവെളുപ്പിക്കുന്നതിനും വേഗം കൂടിയിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ ഈ പച്ചപ്പുകൾ സംരക്ഷിച്ചില്ലെങ്കിൽ നിളയെന്നൊരു പുഴയുണ്ടായിരുന്നെന്നാവും വരുംതലമുറ കേൾക്കുക.