bb

പെരിന്തൽമണ്ണ : മലപ്പുറം ജില്ല മുസ്ലിം ലീഗ് ട്രഷററും മുൻ പി.എസ്.സി അംഗവുമായിരുന്ന കൊളത്തൂർ ടി. മുഹമ്മദ് മൗലവി(73) അന്തരിച്ചു. ഇന്നലെ പുലർച്ചെ 5.25ന് മലാപ്പറമ്പ് എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബുധനാഴ്ച വൈകിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കബറടക്കം ഇന്നുരാവിലെ എട്ടിന് കൊളത്തൂർ ജലാലിയ്യ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.

അദ്ധ്യാപകൻ, വിദ്യാഭ്യാസ വിദഗ്ദ്ധൻ, ചരിത്ര പണ്ഡിതൻ, മതപണ്ഡിതൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു. കൊളത്തൂർ എൽ.പി സ്‌കൂൾ, ഹൈസ്‌കൂൾ, തിരൂർക്കാട് എ.എം. ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ട്രഷറർ, മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച് വരികയായിരുന്നു. പ്രഥമ മലപ്പുറം ജില്ലാ കൗൺസിൽ ഉപാദ്ധ്യക്ഷനാണ്. പ്രഭാഷണ മികവിനും അറബി ഭാഷയുടെ പ്രചാരണപ്രവർത്തനങ്ങൾക്കുമായി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ഭാര്യ : ജമീല. മക്കൾ : മുഹമ്മദ് ഇബ്രാഹീം, മുഹമ്മദ് മുക്താർ, മുഹമ്മദ് ഷിഹാബ്, അമീന ഷാനിബ, ജമീല ലാഫിയ. മരുമക്കൾ : ആബിദ , ഫെബിന, നഷീദ, നൗഷാദ് ബാബു, അഫ്‌സൽ ജമാൽ.