തിരൂരങ്ങാടി: കഴിഞ്ഞ മാസം ആറിന് അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൂന്നിയൂർ ആലിൻചുവട് എറളാക്കൽ പരേതനായ ചക്കിപ്പറമ്പത്ത് ഹസ്സൻ കുട്ടിയുടെ മകൻ ഉനൈസാണ് (23) മരിച്ചത്. അപകടത്തിൽ പെട്ട് ചെറുമുക്ക് പള്ളിക്കത്താഴം വയലിൽ ബോധമില്ലാതെ കിടന്ന ഉനൈസിനെ, അതുവഴി രാത്രി ഒരു മണിക്ക് കരിപ്പൂർ എയർപോർട്ടിലേക്ക് സുഹൃത്തിനെ കൊണ്ടുവരാനായി പോവുകയായിരുന്ന താനൂർ ഒഴൂർ സ്വദേശികളാണ് ആശുപത്രിയിലെത്തിച്ചത്. നെൽവയലിൽ ബൈക്കിന്റെ ലൈറ്റ് കണ്ട് പരിശോധിച്ചപ്പോഴാണ് ഇവർ യുവാവിനെ കണ്ടെത്തിയത്. ആദ്യം കോട്ടയ്ക്കലിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യആശുപത്രിയിലും ചികിത്സയിലായിരുന്നു. ഇടയ്ക്ക് നേരിയ തോതിൽ ബോധം വന്നങ്കിലും സംസാരശേഷി ഉണ്ടായിരുന്നില്ല. പിന്നീട് പനിയും കഫകെട്ടും കൂടിയത് കാരണം കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാഷ്ട്രീയ, സാമൂഹിക രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്നു. നല്ല ഫുട്‌ബാൾ കളിക്കാരനുമാണ്. അപകട ദിവസം കോട്ടയ്ക്കലിലെ ടർഫ് കോർട്ടിൽ കൂട്ടുകാരൊത്ത് കളിച്ച് തിരിച്ച് പോകുന്നതിനിടെയായിരുന്നു അപകടം . പിന്നിൽ ഇടിച്ച വാഹനം ഇതുവരെ കണ്ടത്താനായിട്ടില്ല. മരണത്തിൽ ദൂരൂഹത ഉള്ളതായി കുടുംബം തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സഹോദരങ്ങൾ സുഹൈൽ, ഉവൈസ് ,ഉമ്മു സൽമ, ഫരീദ, നബീല. മാതാവ് കുഞ്ഞിപ്പാത്തു.