kkk
ലോകജലദിനത്തിൽ കേരളകൗമുദിയുടെ നേതൃത്വത്തിൽ മലപ്പുറം ഗവ. കോളേജിൽ എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ജലദിന സെമിനാർ പി. ഉബൈദുള്ള ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: ദാഹജലത്തിനായി നാടും നഗരവും നെട്ടോട്ടമോടുമ്പോൾ ജലസംരക്ഷണ അവബോധം ലക്ഷ്യമിട്ട് ലോകജലദിനത്തിൽ കേരളകൗമുദി മലപ്പുറം ഗവ. കോളേജിൽ എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ ജലദിന സെമിനാർ സംഘടിപ്പിച്ചു. പി. ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ലഭ്യമായ ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗത്തിന് ജലസാക്ഷരത അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഗൃഹാവശ്യങ്ങൾക്ക് വേണ്ടി അമിതമായി ജലം പാഴാക്കുന്ന സ്ഥിതിവിശേഷമുണ്ട്. ഇതിലെല്ലാം നിയന്ത്രണമുണ്ടായാലേ ഭാവി തലമുറയെ ജലക്ഷാമത്തിൽ നിന്ന് രക്ഷപ്പെടുത്താനാവൂ എന്നും പി.ഉബൈദുള്ള എം.എൽ.എ പറഞ്ഞു.

വാട്ടർ കിയോസ്ക്കുകളിൽ നിറയ്ക്കാനുള്ള വെള്ളം പോലും കിട്ടാത്ത അവസ്ഥയാണെന്നും ജലവിനിയോഗത്തിൽ അതീവജാഗ്രത പുലർ‌ത്തേണ്ടതുണ്ടെന്നും മുഖ്യപ്രഭാഷണം നടത്തിയ ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടർ പി.പി. ജയരാജൻ പറഞ്ഞു. ജലസേചനത്തിലെ പഴഞ്ചൻ മാർഗ്ഗങ്ങളുപേക്ഷിച്ച് വിദേശങ്ങളിലെ ഡ്രിപ്പ് ഇറിഗേഷൻ,​ സ്പ്രിങ്ളർ പോലുള്ള രീതികളിലേക്ക് മാറണമെന്നും ഇതുവഴി വലിയതോതിൽ ജലം പാഴാവുന്നത് തടയാനാവുമെന്നും വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ വി. പ്രസാദ് പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എസ്. മായ അദ്ധ്യക്ഷത വഹിച്ചു. സീനിയർ കെമിസ്റ്റ് എസ്. സജീഷ് ക്ലാസെടുത്തു. കേരളകൗമുദി മലപ്പുറം യൂണിറ്റ് ചീഫ് കെ.എൻ. സുരേഷ് കുമാർ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മൊയ്തീൻകുട്ടി കല്ലറ നന്ദിയും പറഞ്ഞു. മാർക്കറ്റിംഗ് മാനേജർ സുമോദ് കാരാട്ടുതൊടി, സീനിയർ എക്സിക്യുട്ടീവുമായ സി. സുബ്രഹ്മണ്യൻ, സനൂപ് വാസുദേവൻ എന്നിവർ പങ്കെടുത്തു. വിവിധ രംഗങ്ങളിലെ മികവിനുള്ള കേരളകൗമുദിയുടെ ഉപഹാരം ഗ്ലോബൽ മൂവ്മെന്റ് വാട്ടർ ടെക്നോളജി എം.ഡി ബൈജു ജോസഫ്,​ പാക്‌സ്ലർ കാർ സ്പാ എം.ഡി. കെ. അനൂപ് കുമാർ,​ വാട്ടർ മാക്ക് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി. ഇ.കെ. മരയ്ക്കാർ എന്നിവർക്ക് പി.ഉബൈദുള്ള എം.എൽ.എ സമ്മാനിച്ചു.