തിരൂരങ്ങാടി: ജില്ലയിൽ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കെ എൻ. എച്ച് ആക്ഷൻ കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ പേരിൽ ദേശീയപാത ഇരകളുടെ വീടുകൾക്കും കടകൾക്കും മുമ്പിൽ പോസ്റ്റർ. എൻ.എച്ച് 66 ഇരകൾക്ക് വേണ്ടി വായ തുറക്കാത്ത ഒരു രാഷ്ട്രീയ പാർട്ടിയും വോട്ട് ചോദിച്ച് പടി കടക്കരുതെന്നാണ് പോസ്റ്ററിൽ പറയുന്നത്.
ഇരു മുന്നണികളും ദേശീയപാത ഇരകളെ വഞ്ചിച്ചെന്നാണ് ഇരകളുടെ ആരോപണം. ചുങ്കപ്പാത നിർമ്മിക്കുന്നതിനായി തങ്ങളുടെ കിടപ്പാടവും ഉപജീവനമാർഗ്ഗങ്ങളും നഷ്ടപ്പെടുമ്പോൾ കൂടെ നിന്നു സഹായിക്കുമെന്നു പ്രതീക്ഷിച്ച ഇരുമുന്നണികളും ബി.ഒ.ടി ലോബിയുടെ വക്താക്കളായി മാറുന്ന കാഴ്ചയാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിച്ചതെന്ന് ഇരകൾ പറയുന്നു . കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ ഇരകളോട് അനുഭാവം പ്രകടിപ്പിച്ച സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച അബുലൈസ് തേഞ്ഞിപ്പലം 11034 വോട്ട് നേടിയിരുന്നു. ഇത്തവണയും സ്വന്തം സ്ഥാനാർത്ഥിയെ നിറുത്തി മത്സരിക്കാൻ നീക്കമുണ്ട്. അതല്ലെങ്കിൽ വോട്ട് ബഹിഷ്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.