മഞ്ചേരി: അടുത്ത മാസം ഒന്നുമുതൽ മഞ്ചേരിയിൽ പ്രാവർത്തികമാവുന്ന ഗതാഗത പരിഷ്കരണത്തിൽ സമ്മിശ്ര പ്രതികരണം. നഗരമദ്ധ്യത്തിലെ പഴയ ബസ് സ്റ്റാൻഡ് പൂർണ്ണമായി ഇല്ലാതാക്കുന്നതിനെതിരെ സ്റ്റാൻഡിലെ വ്യാപാരികൾ രംഗത്തെത്തുകയാണ്. എന്നാൽ ഗതാഗത പരിഷ്കരണത്തിനെതിരെ നേരത്തെ സമരപ്രഖ്യാപനവുമായി രംഗത്തുവന്ന ബസ് തൊഴിലാളി യൂണിയൻ(സി.ഐ.ടി.യു) പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.
അപകടാവസ്ഥയിലായ പഴയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ബസ് സർവീസ് അനുവദിക്കില്ലെന്നാണ് പുതിയ തീരുമാനം. പഴയ സ്റ്റാൻഡിൽ നിന്നും സർവീസ് നടത്തിയ കിഴിശ്ശേരി, പൂക്കോട്ടൂർ ഭാഗത്തേക്കുള്ള ബസുകൾ സീതിഹാജി ബസ് സ്റ്റാൻഡിൽ മലപ്പുറം, തിരൂർ, പെരിന്തൽമണ്ണ, പരപ്പനങ്ങാടി ഭാഗത്തേക്കുള്ള ബസുകൾ ഇനി കച്ചേരിപ്പടിയിൽ നിന്നുമാണ് സർവീസ് നടത്തേണ്ടത്. തിരിച്ചു വരുമ്പോൾ സ്റ്റാൻഡിൽ കയറാതെ തുറയ്ക്കൽ ബൈപ്പാസ് വഴി സെൻട്രൽ ജംഗ്ഷനിലെത്തി ആളെയിറക്കി മെഡിക്കൽ കോളേജ് വഴി കച്ചേരിപ്പടിയിലക്ക് പോകണം. ഇതിനായി ശ്രീകൃഷ്ണ തീയേറ്ററിന് സമീപം പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കും. നേരത്തെ കച്ചേരിപ്പടി സ്റ്റാൻഡിൽ നിന്നും സർവീസ് നടത്തിയ കോഴിക്കോട്, കൊണ്ടോട്ടി ഭാഗത്തേക്കുള്ള ബസുകൾ സീതിഹാജി സ്റ്റാൻഡിൽ നിന്നും സർവീസ് ആരംഭിച്ച് സി.എച്ച് ബൈപാസ്, ജസീല ജംഗ്ഷൻ വഴി കോഴിക്കോട്ടേക്ക് പോകണം.
അടുത്ത മാസം ഒന്നു മുതൽ പ്രാവർത്തികമാവുന്ന ഈ ഗതാഗത രീതി നേരത്തെ നടപ്പാക്കി പരാജയപ്പെട്ടതാണെന്നും ജനക്ഷേമത്തിനു അധികൃതർ പരിഗണന നൽകുന്നില്ലെന്നും പഴയ സ്റ്റാന്റ് പരിസരത്തെ വ്യാപാരികൾ പറയുന്നു. അടിക്കടിയുണ്ടാവുന്ന ഗതാഗത മാറ്റം യാത്രക്കാരെ വെട്ടിലാക്കുമ്പോൾ സ്ഥായിയായ പരിഹാരം പ്രശ്നത്തിലുണ്ടാവാത്തത് ജനകീയ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
ഇതിന്റെ അലയൊലികളാണ് ഇപ്പോൾ നഗരത്തിലുള്ളത്. വരും ദിവസങ്ങളിൽ ഗതാഗത പ്രശ്നം കൂടുതൽ ചർച്ചയാവുന്നതോടെ പ്രതിഷേധവും കനക്കുമെന്നാണ് വിലയിരുത്തൽ.
ബസുകാർ ഹാപ്പി
സ്വകാര്യ ബസ് തൊഴിലാളി യൂണിയനും( സി.ഐ.ടി.യു) സ്വകാര്യ ബസുടമസ്ഥ സംഘവും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നാറ്റ്പാക്ക് റിപ്പോർട്ടനുസരിച്ചുള്ള ഗതാഗത പരിഷ്കരണ രീതിയിലെ ആദ്യഘട്ടം നഗരത്തിൽ പ്രാവർത്തികമാക്കിയത്.
കോഴിക്കോടു ഭാഗത്തേക്കുള്ള ബസുകൾ വിവിധ സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചു സർവ്വീസ് നടത്തിയിരുന്ന രീതി വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടർന്നാണ് ആർ.ടി.എ ഇടപെടലോടെ പുതിയ തീരുമാനം.
ഇത് നിലവിലെ സാഹചര്യത്തിൽ പ്രാവർത്തികമാക്കാവുന്നതാണെന്നാണ് ബസ് തൊഴിലാളി യൂണിയന്റെ നിലപാട്.