നിലമ്പൂർ: കോവിലകത്തു മുറിക്ക് സമീപം തേക്ക് പ്ലാന്റേഷനിൽ കാട്ടാനകൂട്ടമിറങ്ങി. പനകൾ തകർത്തു. വന ദ്രുതകർമ്മ സേനയും നാട്ടുകാരും ചേർന്ന് കാട്ടാനക്കൂട്ടത്തെ തുരത്തി. വ്യാഴാഴ്ച്ച രാത്രി ഒന്നരയോടെയാണ് ഒരു കുട്ടിയാന ഉൾപ്പെടെ ഏഴാനകൾ അടങ്ങിയ കൂട്ടം നിലമ്പൂർ കോവിലകത്തു മുറിക്ക് സമീപമുള്ള ആര്യവല്ലിക്കാവ് തേക്ക് പ്ലാന്റേഷനിലെത്തിയത്. തുടർന്ന് പനകൾ തകർക്കുന്ന ശബ്ദം കേട്ട് പ്രദേശവാസികളായ ജോസ്, രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും വനം ദ്യുത കർമ്മ സേനാ അംഗങ്ങളും എത്തി ആനക്കൂട്ടത്തെ ചാലിയാർ പുഴ കടത്തിവിടുകയായിരുന്നു. കഴിഞ്ഞ ഏതാനം മാസങ്ങളായി കാട്ടാനക്കൂട്ടം മേഖലയിൽ വ്യാപകമായി കൃഷി നാശം വരുത്തുന്നുണ്ട്. വനത്തിനുള്ളിലെ നീരുറവകൾ വറ്റിയതും തീറ്റ ഇല്ലാതായതുമാണ് ചാലിയാർ പുഴയുടെ തീരങ്ങൾ കാട്ടാനകൾ താവളമാക്കാൻ കാരണം. ചാലിയാർ, മമ്പാട്, പഞ്ചായത്തുകളിലെ വനമേഖലകളോട് ചേർന്ന കൃഷിയിടങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്