പെരിന്തൽമണ്ണ: താലൂക്കിലെ മുഖ്യ ജലസ്രോതസായ തൂതപ്പുഴ ഒഴുക്ക് നിലച്ചതോടെ പുഴയോരവാസികൾ കടുത്ത ആശങ്കയിൽ. രണ്ടുവർഷം മുമ്പ് വേനൽക്കാലത്ത് ഒഴുക്ക് നിലച്ചിരുന്നെങ്കിലും ഇപ്പോഴത്തെ രീതിയിൽ വരൾച്ച അനുഭവപ്പെട്ടിരുന്നില്ല. വർഷങ്ങൾക്കിടെ ആദ്യമായാണ് തൂതപ്പുഴ ഈ സ്ഥിതിയിലെത്തുന്നതെന്ന് പഴയ ആളുകൾ സാക്ഷ്യപ്പെടുത്തുന്നു.
സൈലന്റ് വാലിയിൽ നിന്നും ഉത്ഭവിച്ച് വിവിധ പുഴകൾ കൂടിച്ചേർന്നാണ് തൂതപ്പുഴ ഒഴുകുന്നത്. ഭാരതപ്പുഴയുടെ പ്രധാന കൈവരി കൂടിയാണ് തൂതപ്പുഴ. ഒഴുക്ക് നിലയ്ക്കുന്നതോടെ കുടിവെള്ളം പോലും നിലയ്ക്കുന്ന അവസ്ഥയിലാണ്. മലപ്പുറം, പാലക്കാട് ജില്ലകൾക്ക് അതിരിടുന്ന തൂതപ്പുഴയെ ആശ്രയിച്ച് ഇരു ജില്ലകളിലെയും നിരവധി പഞ്ചായത്തുകളുടെ സമഗ്ര കുടിവെള്ള പദ്ധതികൾ സ്ഥിതി ചെയ്യുന്നുണ്ട്. കുടിവെള്ളത്തിന് പുറമെ ഇരുകരകളിലും കാർഷികാവശ്യങ്ങൾക്കുള്ള ജലസേചന പദ്ധതികളും നിശ്ചലമാവുകയാണ്. കിണറുകൾ വറ്റാതെ നിൽക്കാൻ ഈ പദ്ധതികളും ഒരു കാരണമായിരുന്നു.
കുടിവെള്ള പദ്ധതികൾക്ക് ജലം ലഭിക്കാത്ത സാഹചര്യത്തിൽ പ്രാദേശിക ഭരണ കൂടങ്ങൾ കാർഷികാവശ്യങ്ങൾക്ക് വെള്ളം ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്താൻ സാദ്ധ്യതയുണ്ട്. ഇതോടെ കിണറുകളെ മാത്രം ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ ബുദ്ധിമുട്ടിലാവും. ടാങ്കറുകളിൽ വെള്ളമെത്തിക്കാനുള്ള സ്രോതസുകളും പുഴ വരണ്ടതോടെ ഭീഷണിയിലാണ്. പാട്ടത്തിനെടുത്തും സ്വന്തമായ സ്ഥലത്തും ലക്ഷങ്ങൾ ചെലവിട്ട് കൃഷിയിറക്കിയ കർഷകർ കൃഷിനാശത്തിന്റെ വക്കിലാണ്. തൂതപ്പുഴയുടെ തീരങ്ങളിലെ കർഷകർ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.