മലപ്പുറം: ചൂട് കൂടിയതോടെ ജില്ലയിൽ പകർച്ചവ്യാധികളും ജലജന്യ രോഗങ്ങളും തലപൊക്കുന്നു. മഞ്ഞപ്പിത്തവും ചിക്കൻപോക്സും ഭീഷണിയാവുമ്പോൾ ഇടക്കാലത്ത് അടങ്ങിയ എലിപ്പനിയും ഡെങ്കിയും തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാണ്. വൈറൽ പനി ബാധിതരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം വിവിധ ആശുപത്രികളിലായി ദിനംപ്രതി ആയിരത്തോളം പേർ വൈറൽ പനി ബാധിച്ച് ചികിത്സ തേടുന്നുണ്ട്. സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടുതൽ ജില്ലയിലാണ്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ 12,083 പേരാണ് ജില്ലയിൽ ചികിത്സ തേടിയത്. ചിക്കൻപോക്സ് ബാധിതരുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ട്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ 367 പേർക്ക് രോഗം ബാധിച്ചു. സർക്കാർ ആശുപത്രികളിൽ മാത്രം ദിവസം ശരാശരി 30 പേർ ചികിത്സ തേടുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ രണ്ട് എലിപ്പനി കേസുകളുണ്ടായി. നേരത്തെ എലിപ്പനി വലിയ തോതിൽ ജില്ലയിൽ പിടിമുറുക്കിയിരുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ മരുന്ന് വിതരണവും രോഗപ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കിയതോടെയാണ് എലിപ്പനിയെ നിയന്ത്രിക്കാനായത്. മഴക്കാല പൂർവ്വ ശുചീകരണത്തിൽ അടക്കം വന്ന വീഴ്ചയും നഗര, ഗ്രാമവ്യത്യാസമില്ലാതെ എലികൾക്ക് യഥേഷ്ടം വളരാനുള്ള സാഹചര്യവുമായിരുന്നു രോഗഭീഷണി വർദ്ധിപ്പിച്ചത്. പ്രളയജലവുമായി സമ്പർക്കം പുലർത്തിയവരും എലിപ്പനി ഭീതിയിലായിരുന്നു. എലിപ്പനി ഭീഷണി അകന്നതോടെ പരിസര ശുചീകരണത്തിലും മാലിന്യസംസ്ക്കരണത്തിലും വന്ന വീഴ്ച്ചയാണ് വീണ്ടും വിനയാവുന്നത്. ഏഴ് ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊതുക് നശീകരണ പ്രവർത്തനങ്ങളിലും ജില്ല പിന്നിലാണ്.
മഞ്ഞപ്പിത്തം കൂടുതൽ മലപ്പുറത്ത്
വേനൽ കടുത്തതോടെ മഞ്ഞപ്പിത്തം വർദ്ധിക്കുന്നുണ്ട്.
രണ്ടാഴ്ചചയ്ക്കിടെ എട്ട് ഹെപ്പറ്റൈറ്റിസ് എ ബാധിതരുണ്ടായി.
പ്രധാനമായും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് മഞ്ഞപ്പിത്തം പകരുന്നത്.
മറ്റ് ജില്ലകളെ അപേക്ഷിച്ച് മലപ്പുറത്താണ് രോഗബാധ കൂടുതൽ.
കുടിവെള്ളത്തിന് നെട്ടോട്ടമോടുകയും ടാങ്കറിലും മറ്റും ലഭിക്കുന്ന വെള്ളത്തിന് ശുദ്ധത ഉറപ്പാക്കാനാവുന്നില്ലെന്നതും രോഗഭീഷണി വർദ്ധിപ്പിക്കുന്നു.