മലപ്പുറം: ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനൊപ്പം വെള്ളം പാഴാവാതെ നോക്കുകയും വേണമെന്ന് പി. ഉബൈദുള്ള എം.എൽ.എ പറഞ്ഞു. ലോകജലദിനത്തിൽ കേരളകൗമുദിയുടെ നേതൃത്വത്തിൽ മലപ്പുറം ഗവ. കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ജലദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുഴകളിൽ മാലിന്യങ്ങൾ വലിച്ചെറിയുകയും വലിയതോതിൽ വെള്ളം പാഴാക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടി വെള്ളം പാഴാവുന്നത് അധികൃതരെ അറിയിക്കാൻ പോലുമുള്ള സന്മനസ്സ് പലരും കാണിക്കാറില്ല. വെള്ളത്തിന്റെ ഉപയോഗത്തിൽ വലിയ നിയന്ത്രണമുണ്ടായാലേ ഭാവി തലമുറയെ ജലക്ഷാമത്തിൽ നിന്നും വരൾച്ചയിൽ നിന്നും രക്ഷപ്പെടുത്താനാവൂ. മഴക്കാലത്ത് ലഭിക്കുന്ന വെള്ളം സംഭരിച്ച് വേനൽക്കാലത്ത് ഉപയോഗിക്കാൻ സാധിക്കണം. പരിസ്ഥിതി അവബോധമില്ലായ്മയും വരൾച്ചയ്ക്ക് കാരണമാകുന്നുണ്ടെന്ന് പി.ഉബൈദുള്ള എം.എൽ.എ പറഞ്ഞു.
ദുരുപയോഗം പാടില്ല: ഡെപ്യൂട്ടി കളക്ടർ
ജലദൗർലഭ്യം രൂക്ഷമാവാൻ കാരണം ജലത്തിന്റെ ദുരുപയോഗമാണെന്ന് സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തിയ ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടർ പി.പി. ജയരാജൻ പറഞ്ഞു. വരുംതലമുറ ജലത്തിന് വേണ്ടിയാവും ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത്. ഇതില്ലാതാക്കാൻ ലഭ്യമായ ജലം കാര്യക്ഷമമായി ഉപയോഗിക്കണം. ജലദുരുപയോഗത്തിന്റെ കാര്യത്തിൽ സ്വയം നിയന്ത്രണമാണാവശ്യം. വാഹനം കഴുകാനും പൂന്തോട്ടം നനയ്ക്കാനുമെല്ലാം കുടിവെള്ളം ഉപയോഗിക്കുന്ന പ്രവണതയുണ്ട്. അമിതമായ ജലചൂഷണമാണ് ജലദൗർലഭ്യത്തിന്റെ കാരണം. റിയൽ എസ്റ്റേറ്റുകാർ ധാരാളം ഭൂമി വാങ്ങി അവരുടെ സൗകര്യത്തിനനുസരിച്ച് തരം തിരിച്ച് യാതൊരു ആസൂത്രണവുമില്ലാതെ വീടുകളും റോഡുകളും മറ്റും പണിയുന്നതും ജലസ്രോതസ്സുകൾ ഇല്ലാതാവാൻ കാരണമായിട്ടുണ്ട്. വിദ്യാർത്ഥികൾ ഉൾപ്പെടുന്ന യുവജന സമൂഹം ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിൽ മുന്നിട്ടിറങ്ങണമെന്നും ഡെപ്യൂട്ടി കളക്ടർ പറഞ്ഞു.
ജലസേചന മാർഗങ്ങൾ മാറണം:
സൂപ്രണ്ടിംഗ് എൻജിനീയർ
ജില്ലയിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ജലനിരപ്പ് ഏറെ കുറഞ്ഞിട്ടുണ്ടെന്ന് വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ വി. പ്രസാദ് പറഞ്ഞു. ജലദുരുപയോഗമാണ് പ്രധാനകാരണം. കാർഷിക മേഖലയിലാണ് ഇത് കൂടുതൽ. പഴയ രീതിയിലുള്ള ജലസേചന മാർഗങ്ങളിൽ നിന്ന് ആധുനിക രീതികളിലേക്ക് മാറണം. ജലസംരക്ഷണത്തിനായി വേനൽകാലം ആരംഭിക്കും മുമ്പുതന്നെ കുളവും കിണറുകളുമെല്ലാം നന്നാക്കുന്ന രീതി നേരത്തെയുണ്ടായിരുന്നു. ഇപ്പോൾ ഗ്രാമപ്രദേശങ്ങളിൽ പോലും ഇത്തരം പ്രവർത്തനങ്ങളില്ല. ഇസ്രായേൽ പോലുള്ള രാജ്യങ്ങളിൽ മലിനജലം കാർഷികാവശ്യത്തിന് പ്രയോജനപ്പെടുത്തുണ്ട്. കടലിലോട് ചേർന്ന് ഭിത്തികെട്ടി പുഴകളിൽ നിന്നും മറ്റുംപോവുന്ന വെള്ളം സംരക്ഷിച്ച് ശുദ്ധജലമാക്കി ഉപയോഗിക്കുന്ന രീതികളെ കുറിച്ച് വാട്ടർ അതോറിറ്റി ആലോചിക്കുന്നുണ്ട്. ഡാമുകൾ പോലുള്ള വലിയ ഭിത്തികളല്ല, ചെറിയരീതിയിലുള്ള ഭിത്തികൾ കെട്ടി ഉപ്പുവെള്ളം കലരാത്ത വിധത്തിൽ ശുദ്ധജലമായി തന്നെ നിലനിറുത്തി ഉപയോഗിക്കാനാണ് ആലോചന. കാർഷിക മേഖലയിൽ മൈക്രോ ഇറിഗേഷൻ കൂടുതലായും ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നെന്നും സൂപ്രണ്ടിംഗ് എൻജിനീയർ പറഞ്ഞു.