മലപ്പുറം: വരുന്ന രണ്ടുദിവസങ്ങളിൽ ജില്ലയിൽ താപനില 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ സാഹചര്യത്തിൽ സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു. രാവിലെ 11 മണി മുതൽ വൈകീട്ട് മൂന്നു വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് നിർബന്ധമായും ഒഴിവാക്കണം.
താപനില ക്രമാതീതമായി ഉയരുന്നതിനാൽ തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത മുൻനിർത്തി തൊഴിൽ സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്. തൊഴിൽദാതാക്കൾ ഈ നിർദേശം പാലിക്കണം. തുടർന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയിൽ നിന്നും ഉയർന്ന നിലയിൽ തുടരുവാനാണ് സാധ്യതയെന്നതിനാൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരടക്കം കൂടുതൽ ശ്രദ്ധിക്കണം.
വിദ്യാർത്ഥികളുടെ പരീക്ഷാക്കാലമായതിനാൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 മുതൽ മൂന്ന് വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ലെന്ന് ഉറപ്പ് വരുത്തമെന്നും അധികൃതർ നിർദ്ദേശിച്ചു.
ശ്രദ്ധവേണം ഇവയിൽ
നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക. രോഗങ്ങൾ ഉള്ളവർ 11 മണി മുതൽ മൂന്ന് വരെയെങ്കിലും സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക; കാപ്പി, ചായ എന്നീ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ലൈറ്റ് കളർ വസ്ത്രങ്ങൾ ധരിക്കുക