മഞ്ചേരി: വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു കഞ്ചാവു വിൽപ്പന നടത്തിവന്ന മധ്യവയസ്കൻ അറസ്റ്റിൽ. തമിഴ്നാട് സ്വദേശി കോയമ്പത്തൂർ ഉക്കടം അൽ അമീൻ കോളനിയിലെ ഷബീർ അലി (52)യാണ് പിടിയിലായത്. കച്ചേരിപ്പടി സ്കൂൾ പരിസരത്തുനിന്നും ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടുകയായിരുന്നു. പ്രതിയിൽ നിന്നും 50തോളം കഞ്ചാവിന്റെ ചെറിയ പാക്കറ്റുകളും പിടിച്ചെടുത്തു. 35 വർഷം മുമ്പ് മഞ്ചേരിയിൽ ജോലിക്കായി വന്ന പ്രതി പയ്യനാട് സ്വദേശിനിയെ വിവാഹം കഴിച്ചു താമസിച്ചുവരികയാണെന്നും പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് തുണികൾ വിൽക്കുന്നതിന്റെ മറവിലാണ് കഞ്ചാവ് കച്ചവടം ചെയ്തു വന്നിരുന്നതെന്നും പൊലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം ബംഗാൾ സ്വദേശികളായ രണ്ടു യുവാക്കളെ കഞ്ചാവുമായി പ്രത്യേകാന്വേഷണസംഘം പിടികൂടിയിരുന്നു ഇവരെ ചോദ്യം ചെയ്തതാണ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന നടത്തിവന്ന സംഘത്തെ കുറിച്ചു പൊലിസിനു വിവരം ലഭിച്ചത്. കോയമ്പത്തൂരിൽ നിന്നും മഞ്ചേരിയിലേക്കു കഞ്ചാവു വിതരണത്തിനെത്തിക്കുന്ന സംഘത്തെ കുറിച്ചു വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് വ്യക്തമാക്കുന്നുണ്ട്. ഈ ദിശയയിൽ അന്വേഷണവും വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. മഞ്ചേരി സി.ഐ എൻ.ബി ഷൈജു എസ്.ഐ ബൈജു എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘങ്ങളായ ഉണ്ണികൃഷ്ണൻ മാരാത്ത് പി സഞ്ജീവ് മുഹമ്മദ് സലീം ,ദിനേശ് എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.