പൊന്നാനി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം ജില്ലയിലും ലോക്സഭ തിരഞ്ഞെടുപ്പ് ഗോദയിലെ പ്രചാരണ വിഷയങ്ങൾ മാറ്റിമറിക്കും. കാസർക്കോട്ടെ ഇരട്ട കൊലപാതകം, ശബരിമല യുവതി പ്രവേശം, എസ്.ഡി.പി.ഐ കൂടിക്കാഴ്ച്ച എന്നിവയെ പിന്നിലാക്കി രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വമായിരിക്കും മൂന്ന് മുന്നണികളും പ്രചരണ രംഗത്ത് ഉയർത്തുക. ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെയുള്ള ഐക്യമുന്നണിയുടെ മുഖം രാഹുൽ ഗാന്ധിയാണെന്നിരിക്കെ ഇതു മുൻനിർത്തി കൂടിയാവും യു.ഡി.എഫിന്റെ പ്രചാരണം.
രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാൻ ഇടതുമുന്നണിക്ക് ഒരു വോട്ടെന്ന പൊന്നാനിയിലെ ഇടതു സ്വതന്ത്രൻ പി.വി അൻവറിന്റെ പ്രചരണ രീതി പുതിയ സാഹചര്യത്തിൽ വീണ്ടും ചർച്ചയാകും. വയനാട്ടെ രാഹുൽഗാന്ധിയുടെ സാന്നിദ്ധ്യം എൽ.ഡി.എഫ് കേന്ദ്രങ്ങളെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ മണ്ഡലത്തിൽ സി.പി.ഐയുടെ പി.പി. സുനീറാണ് മത്സരരംഗത്തുള്ളത്.
രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യം വലിയ ആവേശത്തോടെയാണ് ജില്ലയിലെ യു.ഡി.എഫ് പ്രവർത്തകർ ഏറ്റെടുത്തിരിക്കുന്നത്. രാഹൂലിന്റെ സ്ഥാനാർത്ഥിത്വം മുസ്ലിം ലീഗ് മത്സരിക്കുന്ന പൊന്നാനിയിലും മലപ്പുറത്തും സ്വാധീനമുണ്ടാക്കുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ. രാഹുൽ ഗാന്ധിയുടെ വയനാട്ടേക്കുള്ള വരവ് ധാരണയായതിന് പിന്നാലെ പാണക്കാട്ട് വാർത്താസമ്മേളനം വിളിച്ച ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും രാഹുൽഗാന്ധി മണ്ഡലം തൊടാതെ വിജയിക്കുന്ന സ്ഥാനാർത്ഥിയാകുമെന്നും ലീഗിന്റെ പരിപൂർണ്ണ പിന്തുണയും വാഗ്ദാനം ചെയ്തു.
രാഹുലിന്റെ സ്ഥാനാർത്ഥിത്വം യു.ഡി.എഫിന് കിട്ടിയ നിധിയാണെന്നും ഇതു കളയരുതെന്ന് കൂടി നേതാക്കൾ പറഞ്ഞുവെച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലായുള്ള മൂന്ന് നിയോജക മണ്ഡലങ്ങളിൽ ശക്തമായ സ്വാധീനമുള്ള മുസ്ലിം ലീഗ് അരയും തലയും മുറുക്കി രാഹൂൽ ഗാന്ധിക്കായി രംഗത്തിറങ്ങും. വയനാട്ടിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്.കോൺഗ്രസിന്റെ അഭിമാന പ്രശ്നം കൂടിയാണ്. കെ.പി.സി.സി പ്രത്യേക പ്രചരണ വിഭാഗത്തെ വയനാട്ടിൽ നിയോഗിച്ചേക്കും. നേതാക്കളുടെ മുഴുവൻ സമയ സാന്നിധ്യവുമുണ്ടാകും.
ഫാസിസത്തിനെതിരെ പോരാടുന്നതിൽ ഇടതുപക്ഷത്തിന് ആത്മാർത്ഥതയുണ്ടെങ്കിൽ വയനാട്ടെ സ്ഥാനാർത്ഥിയെ പിൻവലിക്കുകയാണ് വേണ്ടതെന്ന ആവശ്യവുമായി ഡി.ഡി.സി പ്രസിഡന്റ് വി.വി. പ്രകാശും രംഗത്തെത്തി. യു.ഡി.എഫ് നേതാക്കളുടെ ഈ ആവശ്യത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രൂക്ഷമായി വിമർശിച്ചു. രാഹുൽ ഗാന്ധിയാണ് സ്ഥാനാർത്ഥിയെങ്കിലും പ്രചാരണം കൂടുതൽ സജീവമാക്കുമെന്നും കാനം തിരിച്ചടിച്ചു. ഇതോടെ സി.പി.ഐ സ്ഥാനാർത്ഥിയെ ചൊല്ലി സോഷ്യൽ മീഡിയയിലടക്കം വാഗ്വാദങ്ങളുടെ പെരുമഴയായിരുന്നു.
രാഹുൽ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ് സ്ഥിരം മത്സരിക്കുന്ന മണ്ഡലമായ അമേഠിയിലെ പരാജയഭീതി മൂലമാണെന്ന വിമർശനമാണ് ഇടതു മുന്നണി ഉയർത്തുന്നത്. തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ആത്മവിശ്വാസമില്ലായ്മയാണ് ദേശീയ അധ്യക്ഷനെ കേരളത്തിലേക്ക് മത്സരിക്കാൻ കൊണ്ടുവരുന്നതിലൂടെ പ്രകടമായിരിക്കുന്നത്.
സ്വന്തം മണ്ഡലത്തിൽ ബി.ജെ.പിയെ നേരിടാനാകാത്ത രാഹുലിന് എങ്ങിനെയാണ് രാജ്യത്ത് ബി.ജെ.പി ഉയർത്തുന്ന ഭീഷണിയെ നേരിടാനാകുകയെന്ന വിമർശനവും എൽ.ഡി.എഫ് ഉന്നയിക്കുന്നു. അമേഠിയിലും വയനാട്ടിലും വിജയിച്ചാൽ ഏത് മണ്ഡലത്തിലായിരിക്കും രാഹൂൽ പാർലിമെന്റ് അംഗമായി ഉണ്ടാകുകയെന്ന ചോദ്യവും ഇടതുപക്ഷം ഉയർത്തുന്നു.ഉത്തരേന്ത്യയിൽ കോൺഗ്രസ്സ് പരാജയം ഉറപ്പാക്കിയെന്നതാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥി കേരളത്തിലെ സുരക്ഷിതമണ്ഡലം തേടി എത്തിയതിലൂടെ വ്യക്തമായിരിക്കുന്നതെന്ന് ബി.ജെ.പി വിമർശനമുന്നയിക്കുന്നു.