നിലമ്പൂർ: നിലമ്പൂർ കോവിലകം വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലെ പിറകുവശത്തുള്ള പടിഞ്ഞാറെ കുളം നവീകരണ പ്രവർത്തികൾ ഫലം കണ്ടു. യന്ത്ര സഹായത്തോടെ മണ്ണ് നീക്കിയ കുളത്തിൽ വെള്ളം കണ്ടു. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയാണ് ആദ്യഘട്ട പ്രവർത്തികൾ നടത്തുന്നത്.
കോവിലകം അധീനതയിലുള്ള കുളത്തിന് ഏറെ വർഷങ്ങളുടെ പഴക്കമുണ്ട്. ക്ഷേത്രത്തിന്റെയും അനുബന്ധ ആവശ്യങ്ങളുടെയും നിർമ്മിതിക്കായി കല്ലെടുത്താണ് വലിയകുളം രൂപപ്പെട്ടത്. നിലവിൽ വർഷക്കാലത്ത് മാത്രമാണ് വെള്ളം ഉണ്ടാകാറുള്ളതെങ്കിലും കുളത്തിന് അല്പംകൂടി ആഴം കൂട്ടിയാൽ ധാരാളമായി വെള്ളം ലഭിക്കുമെന്ന കാഴ്ചപ്പാടിലാണ് പ്രവർത്തികൾ ആരംഭിച്ചത്. കൗൺസിലർ അരുമജയകൃഷ്ണന്റെ നേതൃത്വത്തിൽ കോവിലകം അധികൃതരുമായി സംസാരിക്കുകയും അവരുടെ അനുവാദത്തോടു കൂടി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കുളം നവീകരിക്കുവാനും സംരക്ഷിക്കുവാനും തീരുമാനിക്കുകയായിരുന്നു.
500 പ്രവർത്തി ദിവസങ്ങളാണ് പ്രതീക്ഷിക്കുന്നത്. 25 പരം വരുന്ന തൊഴിലാളികളാണ് പണിയെടുക്കുന്നത്. ആദ്യഘട്ടത്തിൽ കാടുവെട്ടി വൃത്തിയാക്കി. തുടർന്ന് ചെറുയന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് നീക്കിയാണ് പ്രവർത്തികൾ നടത്തുന്നത്. കുളത്തിൽ വെള്ളം നിലനിൽക്കുന്നതോടെ പ്രദേശത്തെ മുഴുവൻ കിണറുകളിലും സ്ഥിരമായി വെള്ളം ലഭിക്കുമെന്നും ഇതുവഴി പ്രദേശവാസികളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്നും നാട്ടുകാർ പ്രതീക്ഷിക്കുന്നു.