തിരൂരങ്ങാടി: മുന്നിയൂർ പഞ്ചായത്തിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ ക്കിടയിൽ മഞ്ഞപ്പിത്തം വ്യാപകം. നിരവധി വിദ്യാർത്ഥികൾക്ക് രോഗം കണ്ടെത്തിയതിനെ തുടർന്ന് രക്ഷിതാക്കൾ ആശങ്കയിലാണ്. ഹൈസ്കൂൾ വിഭാഗത്തിൽ 11 ൽ പരം വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏഴ് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ ജില്ലാ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം സ്കൂൾ അധികൃതർ പ്രത്യേകം റൂമുകൾ ഒരുക്കിയിരിക്കുകയാണ്.
എസ്.എസ്.എൽ.സി എഴുതാനിരുന്ന നാലു വിദ്യാർത്ഥികളെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനാൽ പരിക്ഷയ്ക്കിരുത്താതെ വീട്ടിലേക്ക് മടക്കി. ഇവർ ചികിത്സയിലാണിപ്പോൾ.ഇതേ സ്കൂളിലെ എച്ച്.എസ്.എസ് വിഭാഗത്തിലെ രണ്ട് വിദ്യാർത്ഥികൾക്ക് ചിക്കൻ പോക്സും ഒരാൾക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്. മുന്നിയൂരിന് പുറത്തു നിന്നുള്ള വിദ്യാർത്ഥികളാണ് മൂവരും. ഇവർക്ക് പരീക്ഷയെഴുതാൻ വേറേ ക്ലാസ് റൂം തയ്യാറാക്കിയിട്ടുണ്ട്.മുന്നിയൂർ പഞ്ചായത്തിലെ വിവിധ മഹല്ല് കമ്മിറ്റികളുടെ കീഴിലെ പള്ളികളിലെ ദർസ് വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. ഇവരിലാണ് കൂടുതലായും മഞ്ഞപ്പിത്തം കണ്ടെത്തിയിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തുനിന്നുള്ള വിദ്യാർത്ഥികളാണ് ഇവർ. ഇവരെരക്ഷിതാക്കളുടെ കൂടെ വീട്ടിലേക്കയച്ചു.
മറ്റു ജില്ലകളിൽ നിന്ന് വന്ന വിദ്യാർത്ഥികൾ വഴിയാണോ രോഗം പടർന്നതെന്ന സംശയം സ്കൂൾ അധികൃതർക്കുണ്ട്.
മഞ്ഞപ്പിത്തം കണ്ടെത്തിയവരിലേറെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സയിലാണ്. അടുത്ത വെള്ളിയാഴ്ചയാണ് ഇനി എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പരീക്ഷ. കൂടുതൽ പേർക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് അന്നേ അറിയാനാവൂ.