കൊണ്ടോട്ടി: പള്ളിക്കൽ പഞ്ചായത്തിൽ അനധികൃതമായി ശീതള പാനീയങ്ങൾ വിൽക്കുന്നവർക്കെ തിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. വേനലിന്റെ കാഠിന്യം കൂടിയതോടെ പാതയോരങ്ങളിൽ ശീതള പാനീയ വിൽപ്പനശാലകൾ വർദ്ധിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഉപയോഗിക്കുന്ന ഐസിന് ഗുണമേന്മയില്ലെന്നാണ് പരാതി. ശുദ്ധജലം ഉപയോഗിച്ചേ ഐസ് ഉണ്ടാക്കാവൂ. കുപ്പിവെള്ളം, നാരങ്ങ വെള്ളം, സംഭാരം, കരിമ്പിൻ ജ്യൂസ്, തണ്ണിമത്തൻ ജ്യൂസ്, സർബത്ത്, കുലുക്കി സർബത്ത് തുടങ്ങിയ ശീതളപാനീയങ്ങൾ പാതയോരത്ത് സുലഭമാണ്. പഴവർഗ്ഗങ്ങളിൽ പലതും കഴുകാതെ ഉപയോഗിക്കുന്നെന്ന പരാതിയുണ്ട്. ശീതള പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസാണ് പലപ്പോഴും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നത്. മലിനജലത്തിൽ നിന്നുണ്ടാക്കുന്ന ഐസുകളിൽ കോളിഫോം ബാക്ടീരിയകൾ വലിയ തോതിൽ കാണാറുണ്ട്. ഇത് ശരീരത്തിലെത്തുന്നതോടെ കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങൾ ബാധിക്കാൻ സാദ്ധ്യതയേറെയാണ്. കൂൾബാറുകളിൽ ആറ് മാസത്തിലൊരിക്കൽ ഗുണനിലവാര പരിശോധന നടത്തിയ വെള്ളമേ ഉപയോഗിക്കാവൂ. ടാങ്കറുകളിലാണ് വെള്ളമെത്തിക്കുന്നതെങ്കിൽ അവർ ആരോഗ്യ വകുപ്പിൽ രജിസ്റ്റർ ചെയ്തിരിക്കണം.നിശ്ചിത ഇടവേളകളിൽ കിണറുകൾ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് അണു നശീകരണം നടത്തണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവർ ഡോക്ടറിൽ നിന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങണം. പരിസര ശുചിത്വം ഉറപ്പു വരുത്തണം. ശാസ്ത്രീയമായ ഖര ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപനത്തിൽ ഏർപ്പെടുത്തണം. ലൈസൻസ് ഇല്ലാതെ കടകൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.