മലപ്പുറം: മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിനെതിരെ അതിവേഗം നടപടി സ്വീകരിക്കാനുള്ള സംവിധാനം ഫലപ്രദം. ' സി വിജിൽ' എന്ന പേരിലുള്ള മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റ് സംവിധാനവുമൊരുങ്ങിയതോടെയാണ് പരാതികളിൽ 100 മിനുറ്റിനുള്ളിൽ നടപടി സ്വീകരിക്കാൻ സാഹചര്യമൊരുങ്ങിയത്. രാജ്യത്ത് ഇതാദ്യമായാണ് ഇത്തരമൊരു സംവിധാനം തിരഞ്ഞെടുപ്പ് കമ്മിഷൻ സജ്ജീകരിച്ചത്. പ്ലേസ്റ്റോറിൽ നിന്ന് 'സി വിജിൽ' ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തെടുക്കാം. ആപ്ലിക്കേഷനിലൂടെ തത്സമയം മാത്രമേ തെളിവു സഹിതം പരാതികൾ അപ്ലോഡ് ചെയ്യാനാകൂ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ,ഫോട്ടോകൾ എന്നിവ പരാതിക്കൊപ്പം തെളിവായി നൽകാം. മൊബൈൽആപ്ലിക്കേഷനിലൂടെ അപ്ലോഡ് ചെയ്യുന്ന പരാതികൾ കളക്ടറേറ്റ് തിരഞ്ഞെടുപ്പ് വിഭാഗത്തിലെ ' സി വിജിൽ' സെല്ലിൽ ചുമതലയുള്ള ഉദ്യോഗസ്ഥർ അഞ്ച് മിനിറ്റിനകം അതത് മണ്ഡലങ്ങളിലെ സ്ക്വാഡുകൾക്ക് കൈമാറും. സ്ക്വാഡുകൾ അതത് പ്രദേശങ്ങളിലെത്തി പരാതി സംബന്ധിച്ച് പരിശോധന നടത്തി 45മിനിറ്റിനുള്ളിൽ നടപടി സ്വീകരിച്ച് ആപ്ലിക്കേഷനിലൂടെ വിവരം റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദ്ദേശം. ആവശ്യഘട്ടത്തിൽ പരാതി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർക്ക് കൈമാറാം. അസിസ്റ്റന്റ്റിട്ടേണിംഗ് ഓഫീസർമാർക്ക് നടപടിയെടുത്ത് റിപ്പോർട്ട് ചെയ്യാൻ 10മിനിറ്റ് സമയമാണ് അനുവദിച്ചിരിക്കുന്നത്. ആന്റി ഡീഫേസ്മെന്റ്, ഫ്ളയിംഗ് സ്ക്വാഡ്, സ്റ്റാറ്റിസ്റ്റിക്കൽസർവൈലൻസ്, വീഡിയോ സർവൈലൻസ് എന്നീ വിഭാഗങ്ങളിൽ 16 മണ്ഡലങ്ങളിലായി 176 സ്ക്വാഡുകളാണ് ചുമതലയിലുള്ളത്. കളക്ടറേറ്റിലെ ' സിവിജിൽ സെല്ലിൽ പകൽ സമയങ്ങളിൽ രണ്ട് വീതം ജീവനക്കാരുംരാത്രികാലങ്ങളിൽ ഒരു ജീവനക്കാരനും ചുമതലയിലുണ്ടാകും. ജൂനിയർസൂപ്രണ്ട് കെ.വി ബിനീഷിനാണ് മേൽനോട്ടച്ചുമതല. മാർച്ച് 18 മുതലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ സംവിധാനം പ്രവർത്തനം തുടങ്ങിയത്.