പെരിന്തൽമണ്ണ: ആറു കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശിയെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്കു കഞ്ചാവു കടത്തുന്ന മുഖ്യവിതരണക്കാരനായ തിരുപ്പൂർ വേലംപാളയം സ്വദേശി കുമാർ (36)ആണ് അറസ്റ്റിലായത്. തമിഴ്നാട്ടിൽ നിന്നു കേരളത്തിലെ സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചു കഞ്ചാവ് വിൽപ്പന നടത്തുന്നവർക്കു വൻതോതിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘത്തിലെ കണ്ണികളെക്കുറിച്ചു ലഭിച്ച വിവരത്തെത്തുടർന്നു നടന്ന അന്വേഷണത്തിലാണ് കുമാർ പിടിയിലായത്. തിരുപ്പൂർ, കോയമ്പത്തൂർ, മലപ്പുറം ജില്ല എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ബസുകളിലും ട്രെയിനിലും കഞ്ചാവു എത്തിച്ചു കൊടുക്കുന്ന മുഖ്യകണ്ണിയാണ് പിടിയിലായ കുമാർ. കുമാറിനെ ചോദ്യം ചെയ്തതോടെ കൂടുതൽ വിവരങ്ങൾ പോലീസിനു ലഭ്യമായി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം,. ധുനി എന്നിവിടങ്ങളിൽ നിന്നു കുറഞ്ഞവിലയ്ക്കു കഞ്ചാവ് വാങ്ങി തിരുപ്പൂർ, കോയമ്പത്തൂർ ഭാഗങ്ങളിലെ രഹസ്യകേന്ദ്രങ്ങളിൽ കഞ്ചാവ് ശേഖരിച്ചാണ് വിതരണം. അഞ്ചുമുതൽ പത്തു കിലോഗ്രാം വരെ പാക്കറ്റുകളിലാക്കി കേരളത്തിലെ വിതരണക്കാർക്കു എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ഇതിനായി മലയാളികൾ ഉൾപ്പെടെയുള്ള സംഘങ്ങൾ തമിഴ്നാട്ടിലും ആന്ധ്രയിലും തങ്ങുകയാണ്. ഇത്തരത്തിലുള്ള സംഘങ്ങൾക്കെതിരേ അന്വേഷണം ആരംഭിച്ചതായി ജില്ല ആന്റി നാർക്കോട്ടിക് സ്ക്വാഡ് നോഡൽ ഓഫീസർ കൂടിയായ ഡിവൈ.എസ്.പി ശിവദാസൻ അറിയിച്ചു. പെരിന്തൽമണ്ണ സിഐ എം.പി. രാജേഷ്, എസ്ഐ ജയേഷ് ബാലൻ, ആന്റി നാർക്കോട്ടിക് സ്ക്വാഡിലെ സി.പി. മുരളീധരൻ, എം. പ്രദീപ്, എം. മനോജ്കുമാർ, എൻ.ടി. കൃഷ്ണകുമാർ, ഫാസിൽ കുരിക്കൾ, റഹ്മത്തുള്ള, പി. അനീഷ്, ദിനേഷ്, സുകുമാരൻ, വിപിൻ ചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പെരിന്തൽമണ്ണ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ പ്രതിയെ ഹാജരാക്കി.