നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ അകമ്പാടം മൊടവണ്ണയിൽ കഴിഞ്ഞ ദിവസം രാത്രിയിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായ കൃഷിനാശം വരുത്തി. നൂറിൽപ്പരം വാഴകളും അറുപതോളം കവുങ്ങുകളും നശിപ്പിച്ചു. രാത്രി 11ഓടെയാണ് ഏഴ് ആനകൾ അടങ്ങിയ കൂട്ടം പ്രദേശത്ത് ഇറങ്ങിയത് . ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാർ പടക്കംപൊട്ടിച്ചും ബഹളം വച്ചും ആനകളെ തുരത്തി . എന്നാൽ രാത്രി 2.30 ഓടെ വീണ്ടും ആനകളിറങ്ങി. പാലാങ്കര വാസുദേവൻനായർ, പാലാങ്കര സേതുരാമൻ നായർ, പാലാങ്കര ഭാസ്കരൻ നായർ എന്നിവരുടെ കൃഷിയിടത്തിലാണ് കാട്ടാനകൾ നാശംവിതച്ചത് . മൊടവണ്ണ പുഴ കടവിന് സമീപമാണ് കാട്ടാനകളെത്തി കൃഷി നശിപ്പിച്ചത്. കഴിഞ്ഞദിവസം കാട്ടാനകൾ കൃഷി നശിപ്പിച്ച ഈ പ്രദേശത്ത് തുടർച്ചയായി ഇത് അഞ്ചാം തവണയാണ് കാട്ടാനകൾ ഇറങ്ങുന്നതെന്ന് സമീപവാസികൾ പറയുന്നു. കാട്ടാനകൾ അടിക്കടി ഇറങ്ങുന്നത് കാരണം എന്തുചെയ്യണമെന്നറിയാതെ വിഷമത്തിലാണ് പ്രദേശവാസികൾ