മലപ്പുറം: പകർച്ചവ്യാധികൾക്കൊപ്പം കേട്ടുകേൾവിയില്ലാത്ത രോഗങ്ങളടക്കം ജില്ലയിൽ റിപ്പോർട്ട് ചെയ്യുമ്പോഴും വാർഡ് തല ആരോഗ്യ, ശുചിത്വ സമിതികൾ നിർജ്ജീവം. വാർഡ് മെമ്പർ ചെയർമാനും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കൺവീനറുമായ ശുചിത്വ സമിതിയാണ് വാർഡിലെ ആരോഗ്യ, പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപന, നിരീക്ഷണ ചുമതല നിർവഹിക്കേണ്ടത്.
വാർഡ് മെമ്പറുടെ നേതൃത്വത്തിൽ സജീവമാക്കേണ്ട സമിതി പക്ഷെ, ജില്ലയിൽ മിക്കയിടങ്ങളിലും പേരിന് മാത്രമാണ് പ്രവർത്തിക്കുന്നത്. സമിതി രൂപീകരണം പോലും പൊതുജനങ്ങൾ അറിയാത്ത വാർഡുകളുമുണ്ട്.
പകർച്ചവ്യാധികളെ ഉറവിടങ്ങളിൽ തന്നെ അമർച്ച ചെയ്യുന്നതിലും രോഗസാദ്ധ്യത മുൻകൂട്ടി കണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിലും ഇതു വിലങ്ങുതടിയാവുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് വാർഡ് സമിതിയെ സജീവമാക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ ഏഴിന് സർക്കാർ ഉത്തരവിറക്കിയത്. ഹെൽത്ത് ഇൻസ്പെക്ടർമാർക്കും ആശ പ്രവർത്തകർക്കും കൂടുതൽ ചുമതലയേകിയുള്ള ഉത്തരവ് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കും ആരോഗ്യ വകുപ്പിനും കൈമാറി.
വാർഡ് മെമ്പർ, അംഗൻവാടി വർക്കർ, എ.ഡി.എസ് ചെയർപേഴ്സൺ, കുടുംബശ്രീ ആരോഗ്യദായക വാളന്റിയർമാർ, സന്നദ്ധ സംഘടന, റഡിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, ആരോഗ്യ മേഖലയിൽ ഇടപെടുന്ന മറ്റ് പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി സമിതി വിപുലീകരിക്കും.
പ്രൈമറി ഹെൽത്ത് സെന്ററിന്റെയും സി.എച്ച്.സികളുടെയും നേതൃത്വത്തിൽ നടത്തുന്ന രോഗപ്രതിരോധം, രോഗചികിത്സ, ആരോഗ്യ പരിപോഷണം, സാന്ത്വന പരിപാലനം തുടങ്ങിയ പ്രവർത്തനങ്ങൾ വാർഡ് തല സമിതി അവലോകനം നടത്തണമെന്ന് ഉത്തരവിൽ പറയുന്നു.
ഓരോ മാസവും ആശമാരുടെ നേതൃത്വത്തിൽ വാർഡിലെ ആരോഗ്യവിവരങ്ങൾ ആരോഗ്യ വകുപ്പ് നൽകുന്ന നിശ്ചിത ഫോർമാറ്റിൽ തയ്യാറാക്കി അവലോകന യോഗത്തിൽ അവതരിപ്പിക്കണം. ഈ റിപ്പോർട്ടുകൾ ക്രോഡീകരിച്ച് ഓരോ മാസവും പഞ്ചായത്ത്തല റിപ്പോർട്ടും തയ്യാറാക്കണം.
വാർഡിലെ ആരോഗ്യ പ്രവർത്തനങ്ങൾ, ആശമാരുടെ പ്രവർത്തനങ്ങൾ, പദ്ധതികളുടെ നിർവഹണ പുരോഗതി, ആശുപത്രികളുടെ പ്രവർത്തനം, പഞ്ചായത്ത് തല ഹെൽത്ത് സ്റ്റാറ്റസ്, അടുത്ത മാസത്തെ പ്രവർത്തന ആസൂത്രണം എന്നിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് വിലയിരുത്തണം.