മലപ്പുറം: ഓടയിലേക്ക് മലിനജലമൊഴുക്കുന്നത് ശ്രദ്ധയിൽപെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അമിത് മീണ അറിയിച്ചു. പകർച്ചവ്യാധികൾ തടയുന്നതിനായി രൂപീകരിച്ച ആരോഗ്യജാഗ്രതാ സമിതിയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലിനജലം ഓടയിൽ ഒഴുക്കുന്നത് മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴ ഈടാക്കാവുന്നതുമായ കുറ്റമാണ്. നിയമം ലംഘിക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. വഴിയോര കച്ചവട സ്ഥാപനങ്ങളിലും ഭക്ഷ്യസ്ഥാപനങ്ങളിലും പരിശോധന കർശനമാക്കാനും കളക്ടർ നിർദ്ദേശം നൽകി.
ഓഡിറ്റോറിയങ്ങളിൽ വിവാഹ സൽക്കാരം നടത്തുമ്പോൾ ഉപയോഗിക്കുന്ന വെള്ളം മലിനമല്ലെന്ന് ഉറപ്പാക്കണമെന്ന് കളക്ടർ നിർദേശിച്ചു. അംഗീകൃത പാചകക്കാരെ മാത്രമേ ആഹാരം പാചകം ചെയ്യാൻ ഉപയോഗിക്കാവൂ. ഇവ പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കും. കൂൾബാർ, ഹോട്ടൽ, മീൻ, ഇറച്ചി വിൽപ്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി വരുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ യോഗത്തിൽ അറിയിച്ചു.
വയനാട്ടിൽ കുരങ്ങ് പനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കാട്ടിൽ പോകുന്നവർ ജാഗ്രത പാലിക്കണം. ജീവനില്ലാത്ത രീതിയിൽ കുരങ്ങുകളെ കാണുകയാണെങ്കിൽ അധികൃതരുടെ ശ്രദ്ധയിൽപെടുത്തണം. കുരങ്ങുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. അസി. കളക്ടർ വികൽപ്പ് ഭരദ്വാജ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സക്കീന, മൃഗസംരക്ഷണ ഓഫീസർ ഡോ. സി. മധു, ആരോഗ്യകേരളം പ്രോഗ്രാം മാനേജർ ഡോ. വി ഷിബുലാൽ, ഹരിതകേരളം മിഷൻ കോഡിനേറ്റർ പി. രാജു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.