monkey-fever

തിരൂരങ്ങാടി: വൈസ്റ്റ് നൈൽ പനിയുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കായി അയച്ച കാക്കയുടെ ഭാഗങ്ങളിൽ നിന്ന് വൈറസിന്റെ അംശം കണ്ടെത്താനായില്ല. ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി യൂണിറ്റിലേക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് ഇന്നലെ 12.45 ഓടെ മലപ്പുറം മൃഗസംരക്ഷണ വകുപ്പിന് ലഭിച്ചത്. ഈമാസം 18നാണ് മരിച്ച കുട്ടിയുടെ വീടിന് സമീപത്തു നിന്നും വിദഗ്ദ്ധ സംഘം സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. കാക്കയിൽ നിന്ന് ശേഖരിച്ച സാമ്പിളിന്റെ പരിശോധനാഫലം നെഗറ്റീവായ സാഹചര്യത്തിൽ കുട്ടിക്ക് എവിടെ നിന്നാണ് രോഗം പിടിപ്പെട്ടത് എന്നറിയണമെങ്കിൽ വീട്ടിലെ കോഴിയുടെയും ആടിന്റെയും പരിശോധനാഫലം പുറത്ത് വരേണ്ടതുണ്ട്. ഇത് ലഭിക്കാൻ ഇനിയും വൈകുമെന്ന് മലപ്പുറം ചീഫ് വൈറ്റനറി ഓഫീസർ ഡോ. ബേബി ജോസഫ് അറിയിച്ചു.