മലപ്പുറം: സംസ്ഥാനത്ത് ചൂട് ശരാശരിയിൽ നിന്ന് ഉയർന്ന നിലയിൽ തുടരുന്നതിനാൽ സൂര്യാഘാതമേൽക്കാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മാർച്ച് 25 നും 26 നും ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 3 മുതൽ 4 ഡിഗ്രി വരെയും മാർച്ച് 27 നും 28 നും ഉയർന്ന താപനില ശരാശരിയിൽ നിന്നും 2 മുതൽ 3 ഡിഗ്രി വരെയും ഉയരുവാൻ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മാർച്ച് 25 മുതൽ 28 വരെ തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാദ്ധ്യതയുണ്ട്.
ഇവ ശ്രദ്ധിക്കണം
പകൽ 11 മുതൽ മൂന്ന് വരെയെങ്കിലും നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക.
നിർജ്ജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും കൈയിൽകരുതുക.
രോഗങ്ങളുള്ളവർ 11 മുതൽ മൂന്ന് വരെ എങ്കിലും വെയിൽ കൊള്ളുന്നത് ഒഴിവാക്കുക.
പരമാവധി ശുദ്ധജലം കുടിക്കുക; കാപ്പി, ചായ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
പരീക്ഷാക്കാലമായതിനാൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും കുട്ടികളുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തണം.
അവധിക്കാലത്ത് കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്നുവെങ്കിൽ 11 മുതൽ മൂന്ന് വരെ നേരിട്ട് വെയിലേൽക്കാതെ സൂക്ഷിക്കണം.
അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനങ്ങൾ ഒരുക്കാൻ പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
സൂര്യപ്രകാശം നേരിട്ട് എൽക്കേണ്ടി വരുന്ന തൊഴിലാളികൾക്ക് തൊഴിൽ സമയം പുനഃക്രമീകരിച്ച് ലേബർ കമ്മിഷണർ ഉത്തരവിട്ടിട്ടുണ്ട്. തൊഴിൽദാതാക്കൾ ഈ നിർദ്ദേശം പാലിക്കണം.
ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. ചൂടേൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദ്ദേശം നൽകുകയും യാത്രക്കിടയിൽ ആവശ്യമെങ്കിൽ വിശ്രമിക്കാനുള്ള അനുവാദം നൽകുകയും വേണം.
കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.
തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന പൊതുപ്രവർത്തകരും ഈ നിർദേശങ്ങൾ പാലിക്കണം.