fff
പൊട്ടിപ്പൊളിഞ്ഞ റോഡ്

പരപ്പനങ്ങാടി :ഏറെ മുറവിളികൾക്കും പ്രതിഷേധങ്ങൾക്കും ശേഷം കൺസ്ട്രക്‌ഷൻ കോർപ്പറേഷൻ പാച്ച്‌വർക്ക് നടത്തിയ പരപ്പനങ്ങാടി-കടലുണ്ടി റോഡ് ഏതാനും മാസങ്ങൾക്കു ശേഷം വീണ്ടും പൊട്ടിപ്പൊളിഞ്ഞു. 2018 സെപ്തംബർ മാസം പാച്ച്‌വർക്ക് പൂർത്തിയാക്കി പൊതുമരാമത്തു വകുപ്പിന് കൈമാറിയതാണ് റോഡ്. അശാസ്ത്രീയമായി നടന്ന പ്രവൃത്തിയും പിന്നീട് അധികൃതർ തിരിഞ്ഞുനോക്കാഞ്ഞതുമാണ് റോഡിന്റെ ദുരവസ്ഥയ്ക്ക് കാരണം.
തികച്ചും അശാസ്ത്രീയമായാണ് പാച്ച്‌വർക്ക് നടന്നതെന്നും പൂർണ്ണമായും ടാറിംഗ് നടത്തണമെന്നും വ്യാപാരികളും നാട്ടുകാരും അന്നേ ആവശ്യപ്പെട്ടിരുന്നു . ക്വാറി വേസ്റ്റ് ഇട്ട് കുഴിയടയ്ക്കാനുള്ള ശ്രമവും വ്യാപാരികൾ തടഞ്ഞിരുന്നു.

കൊടപ്പാളി, പ്രശാന്ത് ആശുപത്രി ,ചെട്ടിപ്പടി , അരിയല്ലൂർ എന്നിവിടങ്ങളിലാണ് റോഡ് കൂടുതൽ തകർന്നിട്ടുള്ളത്. റോഡ് കുണ്ടും കുഴിയുമായതിനാൽ ഈ മേഖലയിൽ അപകടങ്ങൾ പതിവാണ് . ചെട്ടിപ്പടി ജംഗ്ഷനിൽ ഇന്റർ ലോക്ക് ചെയ്യണമെന്ന വ്യാപാരികളുടെ ആവശ്യവും നിലനിൽക്കുന്നുണ്ട്


തകർന്ന ഭാഗം വീണ്ടും പാച്ച്‌വർക്ക് നടത്താൻ ടെൻഡർ കൊടുത്തിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വന്നതിനാൽ എഗ്രിമെന്റ് ചെയ്യാനായില്ല. പൂർണ്ണ തോതിലുള്ള റബ്ബറൈസിംഗിനായി സർക്കാരിലേക്ക് പ്രപ്പോസൽ നൽകിയിട്ടുണ്ട്

അസിസ്റ്റന്റ് എൻജിനീയർ

പൊതുമരാമത്തു വകുപ്പ്