പൊന്നാനി: വർണവും നാദവും ശബ്ദഘോഷവുമായി 13 ദിവസം നീണ്ടുനിന്ന കണ്ടക്കുറുമ്പക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷങ്ങൾക്ക് പരിസമാപ്തി. ചൊവ്വാഴ്ച പുലർച്ചെ നാലിന് ഉഷപ്പൂജയ്ക്ക് നട തുറന്നതു മുതൽ നാടിന്റെ നാനാഭാഗത്തുനിന്നും സ്ത്രീകളടക്കമുള്ള ഭക്തജനങ്ങൾ പൊന്നാനിയിലേക്കൊഴുകി. ഉഷപ്പൂജയ്ക്കുശേഷം കീർത്തനങ്ങൾ, കേളി, നാഗസ്വരം, ചാക്യാർകൂത്ത് എന്നീ പരിപാടികളരങ്ങേറി. ഹരിക്കുറുപ്പിന്റെ ഉച്ചപ്പാട്ട് ഉണ്ടായിരുന്നു. 11ഓടെ കാവിലമ്മ തിരുമനശ്ശേരി കോട്ടയിലേക്ക് ആനപ്പുറത്തെഴുന്നള്ളി. കോട്ടയിൽനിന്നും രണ്ട് മണിയോടെ നിരവധി ഗജവീരന്മാരുടെ അകമ്പടിയോടെ ക്ഷേത്രസന്നിധിയിലേക്ക് കാവിലമ്മ എഴുന്നള്ളി. വൈകിട്ട് മേളവും നാഗസ്വരവും ഡബിൾ തായമ്പകയും ഉണ്ടായി. രാത്രി 12.30ന് കോട്ടയിൽ നിന്ന് താലം കൊളുത്തൽ കാവിൽ പഞ്ചവാദ്യം, മേളം കള പ്രദക്ഷിണം, പാവക്കൂത്ത്, പുലർച്ചെ കൂട്ടവെടിയോടെ ഉത്സവങ്ങൾക്ക് പരിസമാപ്തിയായി.