പൊന്നാനി: 2015 മുതൽ 2017 വരെയുള്ള വർഷത്തെ 14ാം ധനകാര്യ കമ്മിഷൻ ഗ്രാന്റിന്റെ വിനിയോഗത്തിൽ പൊന്നാനി നഗരസഭ 5.96 കോടി രൂപ നഷ്ടമാക്കിയതായി കൺട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ കംപ്ലയിന്റ്സ് ഓഡിറ്റ് റിപ്പോർട്ട്. വ്യക്തമായ ധാരണകളില്ലാതെ പദ്ധതികൾ ആസൂത്രണം ചെയ്തതാണ് ഗ്രാന്റ് നഷ്ടമാകാൻ കാരണമായതെന്നാണ് റിപ്പോർട്ടിലെ വിമർശനം. പദ്ധതികൾ സമയബന്ധിതമായും കാര്യക്ഷമതയോടെയും നടപ്പാക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടെന്നും വിമർശനമുണ്ട്.
14ാം ധനകാര്യ കമ്മിഷൻ നിയമാവലി പ്രകാരം അടിസ്ഥാന ധനകാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിപുലപ്പെടുത്തുന്നതിനുമാണ് ഗ്രാന്റ് ഉപയോഗിക്കേണ്ടത്. എന്നാൽ കമ്മിഷൻ നിയമാവലി പ്രകാരം ചെയ്യാൻ പാടില്ലാത്ത പ്രവൃത്തികളാണ് നഗരസഭ ചെയ്തത്. 2015-16 ൽ 98.22 ലക്ഷം രൂപയുടെയും 2016-17ൽ 203. 33 ലക്ഷം രൂപയുടെയും പ്രവൃത്തികൾ കമ്മിഷൻ നിയമാവലിക്ക് വിരുദ്ധമായാണ് നഗരസഭ ചെയ്തതെന്നും ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2015-16 കാലയളവിൽ 7.50 കോടി ഗ്രാന്റായി ലഭ്യമായിരുന്നെങ്കിലും 4. 91 കോടിയുടെ 119 പദ്ധതികളാണ് നഗരസഭ വിഭാവനം ചെയ്തത്. അതിൽ 3.46 കോടിയുടെ 93 പ്രവൃത്തികളാണ് പൂർത്തിയാക്കാനായത്. 26 പദ്ധതികൾ വിവിധ കാരണങ്ങളാൽ ഉപേക്ഷിച്ചു. 2016-17 വർഷത്തിൽ 186 പദ്ധതികൾ ആവിഷ്ക്കരിച്ചെങ്കിലും 96 പദ്ധതികൾ പൂർത്തിയാക്കുകയും 90 എണ്ണം ഉപേക്ഷിക്കുകയും ചെയ്തു. രണ്ട് വർഷത്തിനിടയ്ക്ക് 116 പദ്ധതികളും 5.96 കോടി രൂപയുമാണ് നഗരസഭയ്ക്ക് നഷ്ടമായത്.
നഗരസഭയിൽ നടത്തിയ 14 പ്രവൃത്തികളുടെ ഗുണഭോക്തൃ സമിതികളുടെ കൺവീനർ നൽകിയ ബില്ലുകൾ നിർവ്വഹണ ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയിട്ടില്ല. മിക്കവാറും പദ്ധതികളിലും നിർമ്മാണ സാമഗ്രികളും മറ്റും വാങ്ങിയ വകയിൽ ഹാജരാക്കിയ ബില്ലുകളിൽ അധികവും ഏത് സ്ഥാപനത്തിൽ നിന്നാണെന്ന് വ്യക്തമല്ല. കൈയെഴുത്ത് രശീതിയിലാണ് തുക നൽകിയിരിക്കുന്നതെന്ന് ഓഡിറ്റ് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. അപാകതകൾ നഗരസഭ അംഗീകരിച്ചതായും ആവർത്തിക്കില്ലെന്ന് ഉറപ്പു നൽകിയതായും റിപ്പോർട്ടിലുണ്ട്.
പൊതുമരാമത്ത് പ്രവൃത്തികൾ നടപ്പാക്കുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങളിലും നഗരസഭ വീഴ്ച്ച വരുത്തി.ഗുണഭോക്തൃ സമിതി കൺവീനറുടെയും ചെയർമാന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലൂടെ മാത്രമെ പണമിടപാടുകൾ പാടുള്ളൂവെന്നത് നടപ്പാക്കിയില്ല.കൺവീനറുടെ പേരിൽ മാത്രമായുള്ള അക്കൗണ്ടിലൂടെയാണ് നഗരസഭ ബില്ലുകൾ മാറിനൽകിയത്.പദ്ധതികളുടെ ഫയലുകൾ സൂക്ഷിച്ചില്ലെന്ന വിമർശനവും ഓഡിറ്റ് റിപ്പോർട്ട് ഉന്നയിക്കുന്നു. പൊതുമരാമത്ത് പ്രവൃത്തികളുടെ ഫൈനൽ ബിൽ തുക മോണിറ്ററിംഗ് സമിതി പരിശോധിക്കണമെന്ന ചീഫ് എനജിനീയറുടെ നിർദ്ദേശവും നടപ്പായില്ല. ഗുണഭോക്തൃ സമിതിയെ കടലാസ് സംഘടന മാത്രമാക്കി കൺവീനർ സ്വന്തം നിലയിൽ കരാറുകാരനെപ്പോലെയാണ് പ്രവൃത്തികൾ നടപ്പാക്കിയത്. ഓഡിറ്റ് റിപ്പോർട്ടിന്റെ കാലയളവിൽ പ്രശംസനീയമായ ഒരു പ്രവൃത്തി പോലും കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഓഡിറ്റ് റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തലുകൾ വികസന രംഗത്തെ പൊന്നാനി നഗരസഭയുടെ പൊള്ളത്തരങ്ങൾ വ്യക്തമാക്കുന്നതാണ്. മൂഹമാദ്ധ്യമങ്ങൾ ഉപയോഗപ്പെടുത്തിയുള്ള ഗിമ്മിക്ക് മാത്രമാണ് വികസനത്തിന്റെ പേരിൽ നടക്കുന്നത്. ആറ് കോടി രൂപയോളം നഗരസഭയ്ക്ക് നഷ്ടമാക്കിയതിന് ഭരണസമിതിക്ക് നേതൃത്വം നൽകുന്നവർ പൊന്നാനിക്കാരോട് മാപ്പ് പറയണം.
എം.പി നിസാർ
നഗരസഭ പ്രതിപക്ഷ നേതാവ്
ഓഡിറ്റ് റിപ്പോർട്ടിന്റെ കാര്യത്തിൽ ഇന്ന് വിശദമായി പ്രതികരിക്കും
സി.പി. മുഹമ്മദ്കുഞ്ഞി
നഗരസഭ
ചെയർമാൻ