health
.

തവനൂർ: വേനൽക്കാലത്ത് ഉപ്പിലിട്ട പഴവർഗ്ഗങ്ങളും മധുരപാനീയങ്ങളും വിൽക്കുന്ന തെരുവോര കടകൾ വ്യാപകമാകുന്നു. പലതും മതിയായ ആരോഗ്യ, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും വൃത്തിഹീനമായ സാഹചര്യത്തിലുമാണ് പ്രവർത്തിക്കുന്നത്. മഞ്ഞപ്പിത്തം വലിയ തോതിൽ പടർന്ന് പിടിക്കാൻ ഇവ കാരണമാകുന്നുണ്ട്. കഴിഞ്ഞ വേനൽക്കാലത്ത് മക്കരപ്പറമ്പ് കാച്ചിനിക്കാട്ട് പാടത്ത് പ്രവർത്തിച്ചിരുന്ന അച്ചാറ് കടകൾ ജില്ലാ ഭരണകൂടം പൂട്ടിച്ചിരുന്നു. ഇവിടെ നിന്നും ഉപ്പിലിട്ടത് വാങ്ങിക്കഴിച്ച അമ്പതോളം പേർക്ക് മഞ്ഞപ്പിത്തം കണ്ടെത്തിയിരുന്നു.

ജില്ലയുടെ പലഭാഗത്തും മഞ്ഞപ്പിത്തം പടരുമ്പോഴും ഇത്തരം കടകൾക്കെതിരെ ആരോഗ്യവകുപ്പ് അധികൃതരുടെ നടപടിയുണ്ടാവുന്നില്ലെന്ന് ആരോപണമുണ്ട്. വിദ്യാർത്ഥികൾ ഇത്തരം ഉപ്പിലിട്ട ഉത്പന്നങ്ങളും ഐസും വാങ്ങുന്നത് പതിവാണ്. ഇത്തരം തെരുവോര കച്ചവട സ്ഥാപനങ്ങളുടെ ചുറ്റും മാലിന്യങ്ങൾ നിക്ഷേപിക്കപ്പെടുന്നുമുണ്ട്. ഇതിനെതിരെ ജാഗ്രത പാലിച്ചില്ലെങ്കിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ സാദ്ധ്യത ഏറെയാണ്.