നിലമ്പൂർ: നിലമ്പൂർ തേക്ക് മ്യൂസിയത്തിലെ ജൈവ വിഭവ ഉദ്യാനത്തോടനുബന്ധിച്ച് തയ്യാറാക്കിയ സംസ്ഥാന തല ഔഷധോദ്യാനം നാടിനു സമർപ്പിച്ചു. ഈസ്റ്റേൺ സർക്കിൾ സി.സി.എഫ് ഷേയ്ഖ് ഹൈദർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. കേരള ഫോറസ്‌ററ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.ശ്യാം വിശ്വനാഥ് അദ്ധ്യക്ഷനായിരുന്നു. കെ.എഫ്.ആർ.ഐ പ്രൊജക്ട് റീജിയണൽ ഡയറക്ടർ ഡോ.കെ.സി.ചാക്കോ ഔഷധോദ്യാനത്തെക്കുറിച്ച് നിർമ്മിച്ച ഡോക്യുമെന്ററി അവതരിപ്പിച്ചു. നാഷണൽ മെഡിസിനർ പ്ലാന്റ്‌സ് ബോർഡ് അസി.അഡ്വൈസർ ഡോ.എൻ.പത്മകുമാർ, കെ.എഫ്.ആർ.ഐ രജിസ്ട്രാർ ഡോ.ടി.കെ.ദാമോദരൻ , കെ.എഫ്.ആർ.ഐ നിലമ്പൂർ സബ് സെന്റർ സയന്റിസ്റ്റ് ഇൻ ചാർജ്ജ് ഡോ.യു.എം.ചന്ദ്രശേഖര, സീനിയർ സയന്റിസ്റ്റ് ഡോ.പി.സുജനപാൽ എന്നിവർ പ്രസംഗിച്ചു. നാഷണൽ മെഡിസിനൽ പ്ലാന്റ്‌സ് ബോർഡിന്റെ ധനസഹായത്തോടെയാണ് ഔഷധോദ്യാനം വിപുലീകരിച്ചത്. ഏകദേശം 500 ഓളം ഔഷധസസ്യങ്ങളാണ് വിപുലീകരിച്ച തോട്ടത്തിൽ പരിപാലിക്കുന്നത്. മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാവും വിധം തയ്യാറാക്കിയ ഔഷധത്തോട്ടം തേക്ക് മ്യൂസിയത്തിലെത്തുന്ന ഗവേഷകർക്കും വിനോദ സഞ്ചാരികൾക്കും ഗുണകരമാകും.