bjp

തിരൂർ: പൊന്നാനി പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി പ്രൊഫ.വി.ടി. രമയെ മലയാള സർവ്വകലാശാലയിൽ വച്ച് അസിസ്റ്റന്റ് പ്രൊഫസർ അവഹേളിച്ചെന്ന് കാട്ടി ബി.ജെ.പി പൊന്നാനി ലോക്‌സഭ മണ്ഡലം കമ്മിറ്റി തിരൂർ പൊലീസിൽ പരാതി നൽകി. അസിസ്റ്റന്റ് പ്രൊഫ. മുഹമ്മദ് റാഫിക്കെതിരെയാണ് പരാതി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.

സർവകലാശാലയിൽ പ്രചാരണത്തിനെത്തിയ രമ മുഹമ്മദ് റാഫിയുടെ കാബിനിൽ എത്തിയപ്പോഴായിരുന്നു സംഭവം. രമയോട് ഇത് ഗുജറാത്ത് അല്ലെന്നു മനസ്സിലാക്കണമെന്നു പറഞ്ഞാണ് തുടങ്ങിയതെന്നും ഒടുവിൽ പുറത്തുകടക്കാൻ ആവശ്യപ്പെട്ടെന്നും ബി.ജെ.പി ആരോപിക്കുന്നു. വൈസ് ചാൻസലറിൽ നിന്ന് അനുവാദം വാങ്ങിയാണ് സർവകലാശാലയിൽ ചെന്നതെന്നും അദ്ധ്യാപികയായിരുന്ന തനിക്ക് ഇത്തരം പെരുമാറ്റത്തിൽ ദുഃഖമുണ്ടെന്നും സ്ഥാനാർത്ഥി വി.ടി. രമ പറഞ്ഞു.