മലപ്പുറം: ജില്ലയിൽ സൂര്യാഘാതം ഏൽക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ റവന്യൂ, ആരോഗ്യ വകുപ്പുകൾ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ അമിത് മീണ പറഞ്ഞു. സൂര്യാഘാതം, സൂര്യതാപം, ഉഷ്ണ തരംഗ പ്രതിരോധ പ്രവർത്തനങ്ങൾ, വരൾച്ച എന്നിവ സംബന്ധിച്ച അവലോകനം നടത്താനുള്ള ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ.
വരൾച്ച പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുഴകളിലും പൊതുജലാശയങ്ങളിലും നടത്തുന്ന സ്വകാര്യ പമ്പിംഗ് നിറുത്തിവയ്ക്കാൻ നിർദ്ദേശിച്ചു. അനധികൃത പമ്പിംഗ് കണ്ടെത്തി നടപടി സ്വീകരിക്കാൻ പെരിന്തൽമണ്ണ സബ് കളക്ടറുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് രൂപവത്കരിക്കും. വാണിജ്യാവശ്യത്തിനുള്ള കുഴൽക്കിണറുകളുടെ നിർമ്മാണം പൂർണ്ണമായും നിറുത്തിവയ്ക്കണം. ഗാർഹിക ആവശ്യത്തിനുള്ള കുഴൽക്കിണറുകൾക്ക് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽനിന്നു അനുമതി വാങ്ങണം.
പുഴകളിൽ ആവശ്യമായ ഇടങ്ങളിൽ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ തടയണകൾ നിർമ്മിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി. പൊതുജലാശയങ്ങൾ മലിനമാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ജില്ലയിലെ എടവണ്ണ, അരീക്കോട്, ഒതുക്കുങ്ങൽ, കുറ്റിപ്പുറം ഭാഗങ്ങളിൽ 2017 ലെ വരൾച്ചാ കാലത്തേക്കാൾ ജലവിതാനം താഴ്ന്നിട്ടുണ്ട്.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ, പെരിന്തൽമണ്ണ സബ് കലക്ടർ അനുപം മിശ്ര, എ.ഡി.എം ടി.വിജയൻ, ഡെപ്യൂട്ടി കളക്ടർമാരായ പി.പി.ജയരാജൻ, സജീവ് ദാമോദരൻ, കെ.ചാമിക്കുട്ടി, എൻ.ആർ.വൃന്ദാ ദേവി തുടങ്ങിയവർ പങ്കെടുത്തു.
പ്രത്യേകം ശ്രദ്ധിക്കണം
ജോലി സമയം ക്രമീകരിച്ച് നേരത്തെ ഇറക്കിയ ഉത്തരവ് നേരിട്ട് സൂര്യപ്രകാശമേൽക്കുന്നയിടങ്ങളിലെ ജോലിക്കാരുടെ കാര്യത്തിൽ കർശനമായി പാലിക്കണം.
രാവിലെ 11 നും മൂന്നിനുമിടയിൽ ഒരു കാരണവശാലും പുറത്തിറങ്ങുകയോ ഇരുച്ചക്രവാഹനങ്ങളിൽ യാത്ര ചെയ്യുകയോ ചെയ്യരുത്.
സൂര്യാഘാതത്തിനിരയായി 15 ദിവസത്തിലധികം ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്കു വിധേയമായവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്നു കളക്ടർ അറിയിച്ചു. ഇതിനായി മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം തഹസിൽദാർക്ക് അപേക്ഷ നൽകണം.
മൃഗങ്ങൾക്കും പക്ഷികൾക്കും മതിയായ വെള്ളം ലഭിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പു വരുത്തണം
കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.
പരമാവധി ശുദ്ധജലം കുടിക്കുക; കാപ്പി, ചായ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
നിർജ്ജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും കൈയിൽകരുതുക