മലപ്പുറം: അദ്ധ്യയന വർഷത്തിന്റെ അവസാനത്ത് വിദ്യാർത്ഥികളുടെ വാഹനാഭ്യാസത്തിന് തടയിടാനായി മോട്ടോർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലയുടെ ഒമ്പതു കേന്ദ്രങ്ങളിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ 'ഓപ്പറേഷൻ ഷോബോട്ട്' പരിശോധനയിൽ 195 കേസുകൾ എടുത്തു. 1,32,500 രൂപ പിഴയായി ഈടാക്കി.
പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനമോടിച്ചത്, സൈലൻസറിൽ രൂപ മാറ്റം വരുത്തി ശബ്ദമലിനീകരണം നടത്തിയ വാഹനങ്ങൾ, അപകടകരമായി വാഹനമോടിക്കൽ, ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിക്കുക, എന്നിങ്ങനെയുള്ള കേസുകൾ ചാർജ്ജ് ചെയ്തു. തിരൂരങ്ങാടിയിൽ 10 ബൈക്കുകൾ കസ്റ്റഡിയിലെടുത്ത് രക്ഷിതാക്കളെ വിളിച്ചുവരുത്തി കാര്യത്തിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കി. സ്കൂൾ കുട്ടികളുടെ വാഹന ഉപയോഗത്തെക്കുറിച്ച് വാഹന വകുപ്പ് മാദ്ധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകുകയും കർശന നടപടി ഉണ്ടാവുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.